അന്ധത മറന്ന് അകക്കണ്ണിന്റെ വെളിച്ചത്തില്‍ പൂര്‍ണ്ണ നേടിയ സിവില്‍ സര്‍വീസ്; അഭിനന്ദിച്ച് മുഹമ്മദ് കൈഫ്
പൂര്‍ണാ സുന്ദരി എന്ന ഇരുപത്തിയഞ്ചുകാരി വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കുമെല്ലാം അതീതമാണ്. അന്ധത മറന്ന് അകക്കണ്ണിന്റെ വെളിച്ചത്തില്‍ ഈ മിടുക്കി സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയപ്പോള്‍ രാജ്യം കൈയടിച്ചു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 286-ാം റാങ്കാണ് പൂര്‍ണാ സുന്ദരി സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫും പൂര്‍ണയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി.
ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസയറിയിച്ചത്. ‘തമിഴ്നാട്ടില്‍ നിന്നുമുള്ള കാഴ്ചയില്ലാത്ത പൂര്‍ണാ സുന്ദരി എന്ന ഇരുപത്തിയഞ്ചുകാരി യു.പി.എസ്.സി പരീക്ഷയില്‍ മികച്ച വിജയം നേടി. ഓഡിയോ രൂപത്തിലുള്ള പഠന സാമഗ്രഹികള്‍ കണ്ടെത്തുക എന്നത് പ്രയാസകരമായ ദൗത്യമായിരുന്നുവെങ്കിലും മാതാപിതാക്കളും സുഹൃത്തുക്കളും പൂര്‍ണയ്ക്ക് മികച്ച പിന്തുണ നല്കി.
Read more: സ്വാതന്ത്ര്യദിനം: സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് പ്രത്യേക ഇമോജിയുമായി ട്വിറ്റര്‍
വായിക്കാനും പുസ്തകങ്ങള്‍ ഓഡിയോ രൂപത്തില്‍ കേള്‍ക്കാനും അവര്‍ പൂര്‍ണയെ സഹായിച്ചു. പൂര്‍ണ ഐഎഎസ് ഓഫീസറായിരിക്കുന്നു. സ്വപ്നങ്ങളിലേക്കുള്ള യാത്ര ഒരിക്കലും അവസാനിക്കരുത്.’ പൂര്‍ണയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് മുഹമ്മദ് കൈഫ് ട്വീറ്റ് ചെയ്തു.
തമിഴ്നാട്ടിലെ മധുര സ്വദേശിയാണ് പൂര്‍ണാ സുന്ദരി. നാലാമത്തെ ശ്രമത്തിലാണ് പൂര്‍ണ തന്റെ സ്വപ്നനേട്ടമായ സിവില്‍ സര്‍വീസ് കരസ്ഥമാക്കിയത്. നീണ്ട അഞ്ച് വര്‍ഷങ്ങളാണ് സിവില്‍ സര്‍വീസ് എന്ന സ്വപ്നത്തിനായി ഈ മിടുക്കി സമര്‍പ്പിച്ചത്.
Story highlights: 25 year-old blind IAS; Kaif’s tweet congratulating Poorna