സൂര്യയുടെ ‘സൂരരൈ പോട്ര്’ ഒടിടി റിലീസ് ചെയ്യരുതെന്ന ആവശ്യവുമായി സിങ്കം സംവിധായകൻ
കൊറോണ വൈറസിനെത്തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ സിനിമ മേഖല ഉൾപ്പെടെ വലിയ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. കർശനമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സിനിമ മേഖല വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്. എന്നാൽ ഇക്കാലയളവിൽ ചിത്രങ്ങൾ തിയേറ്ററിൽ റിലീസ് ചെയ്യാൻ കഴിയാത്തതിനാൽ മിക്ക ചിത്രങ്ങളും ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്യുന്നത്.
തമിഴ് സിനിമ മേഖലയിൽ നിന്നും ഓൺലൈൻ റിലീസിനൊരുങ്ങുന്ന ചിത്രമാണ് സൂര്യയുടെ ‘സൂരരൈ പോട്ര്’. ഒക്ടോബര്‍ 30 ന് ആമസോണ്‍ പ്രൈം വഴി ചിത്രം പ്രേക്ഷകരിലേക്കെത്തും എന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്. അതേസമയം ഈ ചിത്രം ഒടിടി റിലീസ് ചെയ്യരുതെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് സിങ്കം സംവിധായകൻ ഹരി. സൂര്യയ്ക്ക് തുറന്ന കത്തെഴുതിയാണ് ഹരിയുടെ പ്രതികരണം. താങ്കളുമായി ഒരുമിച്ച് പ്രവർത്തിച്ചതിന്റെ സ്വാതന്ത്ര്യത്തിൽ പറയുകയാണെന്നും താങ്കളുടെ സിനിമ തിയേറ്ററിൽ കാണുന്നതാണ് സന്തോഷമെന്നും ഹരി കുറിച്ചു.
നമ്മൾ ചെയ്ത ചിത്രങ്ങൾക്ക് തിയേറ്ററിൽ നിന്നും കിട്ടിയ കൈയടിയാണ് നമ്മളെ വളർത്തിയത്, സിനിമ എന്ന തൊഴിലാണ് നമ്മുടെ ദൈവം, ദൈവം എല്ലായിടത്തും ഉണ്ടായിരിക്കാം, പക്ഷെ ആരാധനാലയത്തിൽ ഇരിക്കുമ്പോഴാണ് അതിന് മതിപ്പ്. സംവിധായകർക്കും ചിത്രത്തിലെ മറ്റുള്ളവർക്കും അപ്പോഴാണ് പ്രശസ്തി ലഭിക്കുന്നത്. നിർമ്മാതാക്കളുടെ ബുദ്ധിമുട്ട് മനസിലാകും, എന്നാലും താങ്കളുടെ തീരുമാനം പുനഃപരിശോധിക്കുക എന്നും ഹരി കത്തിൽ കുറിച്ചു.
സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്ന ‘സൂരരൈ പോട്ര്’. സൂര്യയ്ക്കൊപ്പം അപർണ ബാലമുരളിയും എത്തുന്ന ചിത്രം സൂര്യയുടെ 38- മത്തെ സിനിമയാണ്. 2ഡി എന്റര്ടൈന്മെന്റ്സിന്റെയും സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെയും ബാനറില്‍ ഗുനീത് മോംഘയാണ് ചിത്രം നിര്‍മിക്കുന്നത്. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വിമാനക്കമ്പനി സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് സിനിമയുടെ മുഖ്യപ്രമേയം. സൂര്യയ്ക്കും അപർണയ്ക്കും ഒപ്പം മോഹന്‍ റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.
StoryHighlights: hari writes letter to suriya about surarai potru release