‘മുടി വളരാൻ അമ്മ എനിക്ക് എണ്ണ ചുട്ട് തരുവാ..’ ; കൺമണിക്കായി കാച്ചിയ ഔഷധ എണ്ണയുടെ കൂട്ട് പങ്കുവെച്ച് മുക്ത- വീഡിയോ

August 20, 2020

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് മുക്ത. മലയാള സിനിമയിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് തെന്നിന്ത്യയിലെ പ്രിയ നായികയായി മാറുകയായിരുന്നു നടി. ഒട്ടേറെ മികച്ച വേഷങ്ങളിലൂടെ മികവ് പ്രകടിപ്പിച്ച മുക്ത തമിഴ്, മലയാളം സീരിയലുകളിലാണ് വിവാഹ ശേഷം സജീവമായത്. ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും കുടുംബത്തിനായി സമയം കണ്ടെത്തുന്ന മുക്ത മകൾ കൺമണിക്കായി എണ്ണ കാച്ചുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.

മകൾക്കായി ഇങ്ങനെ തൊടിയിൽ നിന്നും കിട്ടുന്നതൊക്കെ ഉപയോഗിച്ച് എണ്ണ കാച്ചുന്നതിൽ അമ്മയെന്ന നിലയിൽ സന്തോഷം കണ്ടെത്താൻ സാധിക്കുന്നുണ്ടെന്നാണ് മുക്ത പറയുന്നത്. ‘ആനിമേഷൻ ചിത്രത്തിലെ നായികയെ പോലെ മുടി വളരാൻ അമ്മ എനിക്കായി എണ്ണ ചുട്ട് തരുവാ’ എന്ന് മുക്തയുടെ കൺമണി കുസൃതിയോടെ വീഡിയോയിൽ പറയുന്നു.

https://www.instagram.com/tv/CD8o3zxgNGQ/?utm_source=ig_web_copy_link

ആരാധകർക്കായി എണ്ണയിൽ ചേർത്ത സാധനങ്ങളും ഉണ്ടാക്കുന്ന വിധങ്ങളും മുക്ത പങ്കുവയ്ക്കുന്നുണ്ട്. കറ്റാർവാഴ, നെല്ലിക്ക, ചുവന്നുള്ളി, കീഴാർ നെല്ലി, ബ്രമ്മി, മുയൽച്ചെവി, മുക്കുറ്റി, കൃഷ്ണ തുളസി, ചെമ്പരത്തി പൂവ്, ചെത്തി പൂവ്, കറി വേപ്പില, മൈലാഞ്ചി, ശിവയ്ക പൊടി, കർപ്പൂരം 4 എണ്ണം, എന്നിവ ചേർത്ത് വറ്റുന്നതിന് മുൻപ് എണ്ണ ഒഴിച്ച് തിളപ്പിക്കണം എന്നാണ് മുക്ത വീഡിയോക്കൊപ്പം കമന്റിൽ കുറിച്ചിരിക്കുന്നത്.

Read More: കുടുംബത്തിലെ 19 പേരും കൊവിഡ് മുക്തരായി; ഐസൊലേഷൻ വാർഡിൽ ആനന്ദ നൃത്തം- വീഡിയോ

‘അച്ഛനുറങ്ങാത്ത വീട്’ എന്ന സിനിമയിലൂടെയാണ് മുക്ത സിനിമ ലോകത്തേക്ക് കടന്നു വന്നത്. വളരെ മികച്ച പ്രകടനം ആ ചിത്രത്തിൽ കാഴ്ചവെച്ച മുക്ത പിന്നീട് തമിഴ് സിനിമകളിൽ സജീവമായി. 2015ൽ വിവാഹിതയായ മുക്ത, ഇപ്പോൾ അഭിനയത്തിനൊപ്പം മകളുടെ വിശേഷങ്ങളുമായി സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

Story highlights- Actress muktha sharing how to make medicinal oil