ആസിഫ് അലിയുടെ ‘മഹേഷും മാരുതിയും’- ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് പൃഥ്വിരാജ്

ആസിഫ് അലി നായകനാകുന്ന മഹേഷും മാരുതിയും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് പൃഥ്വിരാജ്. ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന് ആശംസ അറിയിച്ചുകൊണ്ടാണ് പൃഥ്വിരാജ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചത്. കുട്ടനാടൻ ബ്ലോഗിന് ശേഷം സേതു സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹേഷും മാരുതിയും. തിരക്കഥയൊരുക്കിയിരിക്കുന്നതും സേതു തന്നെയാണ്.
മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ വി എസ് എൽ ഹൗസുമായി ചേർന്ന് മണിയൻപിള്ള രാജുവാണ് ചിത്രം നിർമിക്കുന്നത്. മഹേഷ് എന്ന കഥാപാത്രമായാണ് ആസിഫ് അലി ചിത്രത്തിൽ എത്തുന്നത്. മഹേഷിന്റെയും മാരുതി 800ന്റെയും ഇടയിൽ ഒരു പെൺകുട്ടി കടന്നു വരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പങ്കുവയ്ക്കും.അതേസമയം,
അതേസമയം, നിസാം ബഷീർ സംവിധാനം ചെയ്ത കെട്ട്യോളാണെന്റെ മാലാഖയാണ് ആസിഫിന്റേതായി ഏറ്റവുമൊടുവിൽ തിയേറ്ററുകളിൽ എത്തിയത്. ആസിഫ് അലിയെ നായകനാക്കി മാത്തുക്കുട്ടി സംവിധാനം ചെയ്ത കുഞ്ഞെൽദോ റിലീസിന് തയ്യാറെടുക്കുന്ന സമയത്താണ് കൊവിഡ് പ്രതിസന്ധി കാരണം തിയേറ്ററുകൾ അടച്ചത്.
ഒട്ടേറെ ചിത്രങ്ങളാണ് ആസിഫ് അലിയുടേതായി അണിയറയിൽ പുരോഗമിക്കുന്നത്. പാർവതിക്കൊപ്പം രാച്ചിയമ്മ, പറന്ന് പറന്ന്, എല്ലാം ശരിയാകും, തട്ടും വെള്ളാട്ടം എന്നിവയാണ് പുതിയ ചിത്രങ്ങൾ.
Story highlights- asif ali’s maheshum maruthiyum