കേന്ദ്ര കഥാപാത്രങ്ങളായി കാര്‍ത്തിയും പാര്‍ഥിപനും; ‘അയ്യപ്പനും കോശിയും’ തമിഴ് റീമേക്ക് ഒരുങ്ങുന്നു
വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും. ഇരുവരും ഒരുമിച്ചെത്തിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും’. സച്ചിയാണ് സിനിമയുടെ സംവിധായകന്. കാലയവനികയ്ക്ക് പിന്നില്‍ സച്ചി എന്ന കലാകാരന് മറയുന്നതിനു മുന്നേ അദ്ദേഹം സിനിമാസ്വാദകര്‍ക്ക് സമ്മാനിച്ച അതിവിശിഷ്ടമായ ഒന്നാണ് ‘അയ്യപ്പനും കോശിയും’ എന്ന് പറയാതിരിക്കാന്‍ ആവില്ല.
ചിത്രം തമിഴിലേക്കും റീമേക്ക് ചെയ്യപ്പെടുന്നു. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായി കാര്‍ത്തിയും ബിജു മേനോന് അവതരിപ്പിച്ച കഥാപാത്രമായി പാര്‍ത്ഥിപനും തമിഴ് പതിപ്പിലെത്തും. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിനായി കാര്‍ത്തിയുടേയും പാര്‍ത്ഥിപന്റേയും പേര് തന്നെയാണ് സച്ചി മുമ്പ് നിര്‍ദ്ദേശിച്ചിരുന്നതും. എന്തായാലും അദ്ദേഹത്തിന്റെ സ്വപ്നം സഫലമാവുകയാണ്.
‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ വില്ലന്‍ സ്വഭാവമുള്ള കോശി കുര്യന് എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അതിന്റെ പൂര്‍ണ്ണതയിലെത്തിച്ചു. അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പനായാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ ബിജു മേനോന് എത്തുന്നത്. മികച്ച പ്രകടനംതന്നെയാണ് ചിത്രത്തില്‍ ബിജു മേനോന് കാഴ്ചവെച്ചതും. ഗോള്‍ഡ് കോയിന് മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാണം.
Story highlights: Ayyappanum Koshiyum Tamil Remake