സിനിമാ സ്വപ്നങ്ങൾ പങ്കുവെച്ച് ഓർമ്മകളിലേക്ക് യാത്രയായ മൊയ്തീൻ- സൗഹൃദ നിമിഷങ്ങളുമായി ബാലചന്ദ്ര മേനോൻ
സൗഹൃദങ്ങളും സിനിമാബന്ധങ്ങളുമായി സജീവമായ കോടമ്പാക്കം ദിനങ്ങളുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ബാലചന്ദ്ര മേനോൻ. ഒരു തുടക്കകാരനെന്നത്തിൽ നിന്നും സിനിമാ പരിചയങ്ങൾ സൃഷ്ടിച്ച് കോടമ്പാക്കത്ത് ഒരു നിലയുറപ്പിച്ച കാലത്ത് ജീവിതത്തിലേക്ക് കടന്നു വന്ന വ്യക്തികളെക്കുറിച്ചാണ് ”filmy FRIDAYS!”ന്റെ പുതിയ എപ്പിസോഡിൽ അദ്ദേഹം പങ്കുവയ്ക്കുന്നത്.
കോടമ്പാക്കം ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനിച്ചത് കവിയൂർ പൊന്നമ്മയായിരുന്നുവെന്ന് ബാലചന്ദ്ര മേനോൻ പറയുന്നു. ആദ്യ കാഴ്ചയിൽ തന്നെ മലയാളി പ്രേക്ഷകരെ പോലെ അമ്മയോടുള്ള അടുപ്പം തോന്നിച്ച കവിയൂർ പൊന്നമ്മ, കോടമ്പാക്കത്ത് ഏറ്റവും വലിയ സഹായമായിരുന്നു. കവിയൂർ പൊന്നമ്മയിലൂടെ ഭർത്താവും നിർമാതാവുമായിരുന്ന മണിസ്വാമിയുമായി സൗഹൃദത്തിലായി. ചർച്ചകളും വായനയുമായി മണിസ്വാമിയുടെ വിപുലമായ ഗ്രന്ഥശാലയിൽ സ്ഥിരം സന്ദർശകനായ ബാലചന്ദ്ര മേനോന് അവിടെവെച്ച് ലഭിച്ച സൗഹൃദമായിരുന്നു മൊയ്തീന്റേത്.
മറ്റാരുമല്ല, എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ വ്യക്തി തന്നെ. സിനിമാ സ്വപ്നങ്ങൾ പങ്കുവെച്ച് സൗഹൃദത്തിലായെങ്കിലും വഞ്ചി മറിഞ്ഞുള്ള അപകടത്തിൽ മൊയ്തീന്റെ ജീവൻ പൊലിഞ്ഞെന്നുള്ള വാർത്തയാണ് കോടമ്പാക്കത്ത് ബാലചന്ദ്ര മേനോനെ തേടിയെത്തിയത്. മൊയ്തീനൊപ്പം ഒട്ടേറെ സിനിമാ വിശേഷങ്ങളും പുതിയ എപ്പിസോഡിൽ അദ്ദേഹം പങ്കുവയ്ക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലുമാണ് ”filmy FRIDAYS!”ൽ സിനിമാ വിശേഷങ്ങളുമായി ബാലചന്ദ്ര മേനോൻ എത്തുന്നത്.
Story highlights-balachandra menon’s filmy fridays