ആരാണ് ഏറ്റവും മികച്ച ജെയിംസ് ബോണ്ട്? സർവ്വേയിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞെടുത്ത ബോണ്ട് കഥാപാത്രം
ജെയിംസ് ബോണ്ട് പരമ്പരയിലെ 24 ചിത്രങ്ങളാണ് ഇതുവരെ പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്. ഇരുപത്തിയഞ്ചാമത്തെ ചിത്രം ‘നോ ടൈം റ്റു ഡൈ’ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. എന്നാൽ അതിനിടയിലും ഇതുവരെയുള്ള മികച്ച ജെയിംസ് ബോണ്ട് കഥാപാത്രമേതാണെന്ന ചർച്ചകൾ ചൂട് പിടിക്കുകയാണ്.
ബ്രിട്ടീഷ് മാഗസിനായി റേഡിയോ ടൈം മികച്ച ജെയിംസ് ബോണ്ട് കഥാപാത്രത്തെ കണ്ടെത്താൻ ഒരു സർവ്വേ നടത്തിയിരുന്നു. സർവ്വേയിൽ ഏറ്റവുമധികം ആളുകൾ എക്കാലത്തെയും മികച്ച ജെയിംസ് ബോണ്ട് കഥാപാത്രമായി തിരഞ്ഞെടുത്തത് ഷോൺ കോണറിയെയാണ്. 1962ൽ ബ്രിട്ടീഷ് ചാരൻ 007 എന്ന ബോണ്ടിനെ ആദ്യമായി അഭ്രപാളിയിൽ അവതരിപ്പിച്ചത് ഷോൺ കോണറിയാണ്.
ഇയാൻ ഫ്ലെമിംഗ് രൂപം കൊടുത്ത ബോണ്ടിനെ സിനിമയിൽ ഷോൺ കോണറി അതുല്യമാക്കിയതോടെ ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള കഥാപാത്രമായി ജെയിംസ് ബോണ്ട് മാറി. 14000ലധികം ആളുകളാണ് മികച്ച ജെയിംസ് ബോണ്ട് കഥാപാത്രത്തെ തിരഞ്ഞെടുക്കാനുള്ള സർവേയിൽ പങ്കെടുത്തത്.
മൂന്നു റൗണ്ടിലൂടെ നടന്ന സർവ്വേയിൽ ആദ്യ റൗണ്ടിൽ ഷോൺ കോണറിയും ഇപ്പോഴുള്ള ബോണ്ട് സീരിസുകളിലെ നായകനായ ഡാനിയൽ ക്രെയ്ഗും തമ്മിലായിരുന്നു പോരാട്ടം. 56 ശതമാനം വോട്ടോടെ ഷോൺ സർവേയിൽ തിരഞ്ഞെടുക്കപ്പെട്ടു.
രണ്ടാമത്തെ റൗണ്ടിൽ ജോർജ് ലോസെൻബിയും പിയേഴ്സ് ബ്രോസ്നനും തമ്മിലായിരുന്നു. 76 ശതമാനത്തോടെ പിയേഴ്സ് ബ്രോസ്നനാണ് വിജയിച്ചത്. മൂന്നമത്തെ റൗണ്ടിൽ റോജർ മൂറും, തിമോത്തി ഡാൽട്ടനും ഏറ്റുമുട്ടിയപ്പോൾ 49 ശതമാനത്തോടെ തിമോത്തി ഡാൽട്ടനാണ് വിജയിച്ചത്.
അവസാന റൗണ്ടിൽ മൂന്നു റൗണ്ടിലെയും വിജയികളായ ഷോൺ കോണറിയും, പിയേഴ്സ് ബ്രോസ്നനും, തിമോത്തി ഡാൽട്ടനും ഏറ്റുമുട്ടിയപ്പൾ 44 ശതമാനവുമായി ഷോൺ കോണറി വിജയിയായി തിരഞ്ഞെടുക്കപ്പെട്ടു. തിമോത്തി ഡാൽട്ടൻ(32), പിയേഴ്സ് ബ്രോസ്നൻ(23) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആറു ജെയിംസ് ബോണ്ട് ചിത്രങ്ങളിലാണ് ഷോൺ കോണറി വേഷമിട്ടത്. ഓസ്കർ പുരസ്കാര ജേതാവുമാണ് ഇദ്ദേഹം.
Story highlights-best james bond actor