‘ഹെലൻ’ എത്ര വിളിച്ചിട്ടും ആ വാതിൽ തുറക്കാത്തതിന്റെ പിന്നിലെ കറുത്ത കരങ്ങൾ ഇതാണ്’- രസകരമായ ചിത്രം പങ്കുവെച്ച് സംവിധായകൻ

August 10, 2020

മലയാള സിനിമയിൽ വേറിട്ട അനുഭവം സൃഷ്‌ടിച്ച ചിത്രമായിരുന്നു ഹെലൻ. നവാഗതനായ മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ചിത്രം അന്ന ബെൻ അവതരിപ്പിച്ച ഹെലൻ എന്ന കഥാപാത്രത്തിലൂടെയാണ് സഞ്ചരിച്ചത്. ഹെലൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ അതെ തീവ്രതയോടെ പ്രേക്ഷകർക്കും അനുഭവപ്പെട്ടു. അതുകൊണ്ടുതന്നെ കഴിഞ്ഞ വർഷത്തെ മികച്ച ചിത്രങ്ങളിൽ ഇടംനേടാൻ ഹെലന് സാധിച്ചു.

ഇപ്പോൾ സിനിമയിൽ നിന്നും രസകരമായൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംവിധായകനായ മാത്തുക്കുട്ടി സേവ്യർ. ഹെലൻ എന്ന കഥാപാത്രം ഫ്രീസർ റൂമിൽ നിന്നും പുറത്തുകടക്കാനായി വാതിൽ തുറക്കാൻ ശ്രമിച്ചിട്ട് സാധിക്കാതിരുന്നതായി ഒരു രംഗം സിനിമയിലുണ്ട്. ഹെലൻ എത്ര ശ്രമിച്ചിട്ടും തുറക്കാൻ സാധിക്കാത്തതിന് പിന്നിലെ രഹസ്യമാണ് രസകരമായി സംവിധായകൻ പങ്കുവെച്ചിരിക്കുന്നത്.

എത്ര വിളിച്ചിട്ടും ആ വാതിൽ തുറക്കാത്തതിന്റെ പിന്നിലെ കറുത്ത കരങ്ങൾ ഇതാണ്! 😂🕺🏼#strugglesofanassistantdirector

Posted by Mathukutty Xavier on Monday, 10 August 2020

ഹെലൻ വാതിൽ തുറക്കാൻ ശ്രമിക്കുമ്പോൾ തുറന്നുപോകാതിരിക്കാനായി അസ്സിസ്റ്റന്റ്റ് ഡയറക്ടർ ശക്തിയായി തള്ളിപ്പിടിച്ചിരിക്കുകയാണ്. സ്ട്രഗിൾസ് ഓഫ് ആൻ അസിസ്റ്റന്റ് ഡയറക്ർ എന്ന ഹാഷ്‌ടാഗോടെയാണ് മാത്തുക്കുട്ടി സേവ്യർ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘എത്ര വിളിച്ചിട്ടും ആ വാതിൽ തുറക്കാത്തതിന്റെ പിന്നിലെ കറുത്ത കരങ്ങൾ ഇതാണ്’ എന്ന രസകരമായ കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്.

‘ദി ചിക്കൻ ഹബ്’ എന്ന റസ്റ്റോറന്റിൽ വെയിട്രസ് ആണ് അന്നയുടെ കഥാപാത്രം. ഹെലൻ  അപ്രതീക്ഷിതമായി കടന്നു പോകുന്ന പ്രതിസന്ധികളും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മാത്തുക്കുട്ടിക്കൊപ്പം  ആല്‍ഫ്രഡ് കുര്യന്‍ ജോസഫ്, നോബിള്‍ ബാബു തോമസ് എന്നിവര്‍ കൂടി ചേര്‍ന്നാണ് ഹെലന്റെ  രചന നിര്‍വഹിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിച്ചത്.

അതേസമയം, ഹെലൻ രണ്ടു ഭാഷകളിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. കന്നഡ റീമേക്ക് ഒരുക്കുന്നത് എം അരുൺകുമാർ, സാബു അലോഷ്യസ് എന്നിവർ ചേർന്നാണ്. കന്നഡ നടി ലാസ്യ നാഗരാജ് ആണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്. സംവിധായകൻ ലോഹിത്, ഫ്രൈഡേ ഫിലിംസുമായി ചേർന്ന് സിൽവർ ട്രെയിൻ ഇന്റർനാഷണലിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.

Read More: ആമിർ ഖാൻ ചിത്രം ‘ലാൽ സിംഗ് ഛദ്ധ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

അതേസമയം, പ്രമുഖ നിർമാതാവ് ബോണി കപൂറാണ് ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അന്ന ബെൻ അവതരിപ്പിച്ച ടൈറ്റിൽ കഥാപാത്രം ഹിന്ദിയിൽ ബോണി കപൂറിന്റെ മകളും നടിയുമായ ജാൻവി കപൂർ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Story highlights-funny facebook post by helen movie director mathukkutty