ആമിർ ഖാൻ ചിത്രം ‘ലാൽ സിംഗ് ഛദ്ധ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

August 10, 2020

ആമിർ ഖാൻ നായകനാകുന്ന ‘ലാൽ സിംഗ് ചദ്ധ’യുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. 2021 ഡിസംബർ 25നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മുൻപ്, 2020 ഡിസംബർ 25നായിരുന്നു ചിത്രത്തിന്റെ റീലിസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കൊവിഡ് സാഹചര്യം കാരണം ചിത്രീകരണം നീളുകയും പറഞ്ഞ സമയത്ത് റിലീസ് സാധ്യമല്ലാത്ത അവസ്ഥയുണ്ടാകുകയും ചെയ്യുകയായിരുന്നു.

അതേസമയം, മുടങ്ങിയ ചിത്രീകരണം തുർക്കിയിൽ പുനഃരാരംഭിച്ചു. അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കരീന കപൂറാണ് നായികയായെത്തുന്നത്. ‘തലാഷി’ന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ടോം ഹാങ്ക്സിന്റെ ‘ഫോറസ്റ്റ് ഗംപ്’ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണ് ‘ലാൽ സിംഗ് ചദ്ധ’. 1994ൽ റിലീസ് ചെയ്ത ചിത്രം വമ്പൻ ഹിറ്റായിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ആമിർ ഖാൻ കേരളത്തിൽ എത്തിയിരുന്നു. മൂന്നാറിലും, കൊല്ലത്തും രണ്ടു ദിവസം ചിത്രീകരണം നടന്നു. ചിത്രത്തിനായി 20 കിലോയോളം ഭാരം ആമിർ ഖാൻ കുറച്ചിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യ അഭിമുഖീകരിക്കുന്ന ഒട്ടേറെ പ്രതിസന്ധികളും സംഭവങ്ങളും സിനിമയിൽ പരാമർശിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read More: പുത്തൻ ലുക്കിൽ വിജയ് സേതുപതി; ആഘോഷമാക്കി ആരാധകർ

ആമിർഖാൻ പ്രൊഡക്ഷൻസും വയാകോം 18 മോഷൻ പിക്ചേഴ്സും ചേർന്നാണ് ‘ലാൽ സിംഗ് ചദ്ധ’ സംവിധാനം ചെയ്യുന്നത്. അതേസമയം, ആറ് ഓസ്കാർ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ചിത്രം കൂടിയാണ് ‘ഫോറസ്റ്റ് ഗംപ്’.25 വർഷത്തിന് ശേഷമാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. ആമിർ ഖാന്റെ ആരാധകരും ബോളിവുഡ് സിനിമാ ലോകവും വളരെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

Story highlights-relese date of lal sing chadha