“48 മണിക്കൂറായി ഉറങ്ങിയിട്ട്..”; ലാൽ സിങ് ഛദ്ദയുടെ കടുത്ത പ്രീ-റിലീസിംഗ് സമ്മർദ്ദത്തെ പറ്റി ആമിർ ഖാൻ, ചിത്രം നാളെ തിയേറ്ററുകളിൽ

August 10, 2022

നാളെ ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ ആമിർ ഖാന്റെ ‘ലാല്‍ സിംഗ് ഛദ്ദ’ റിലീസ് ചെയ്യുകയാണ്. നാല് വർഷങ്ങൾക്ക് ശേഷമാണ് താരത്തിന്റെ ഒരു ചിത്രം തിയേറ്ററുകളിലെത്തുന്നത്. ആമിർ ഖാന്റെ ഏറ്റവും വലിയ സ്വപ്‌ന സിനിമകളിലൊന്നാണ് ലാൽ സിംഗ് ചദ്ദ. കൊവിഡ് വന്നതോടെയാണ് ചിത്രത്തിന്റെ ചിത്രീകരണവും റിലീസുമൊക്കെ നീണ്ടു പോയത്.

ഇപ്പോൾ താൻ നേരിടുന്ന പ്രീ-റിലീസിംഗ് സമ്മർദ്ദത്തെ പറ്റി വാചാലനായിരിക്കുകയാണ് താരം. കഴിഞ്ഞ 48 മണിക്കൂറായി തനിക്ക് ഉറങ്ങാൻ കഴിഞ്ഞിട്ടല്ലെന്നാണ് ആമിർ പറയുന്നത്. ഏതൊരു ചിത്രം ഇറങ്ങുന്നതിന് മുൻപും വലിയ സമ്മർദ്ദങ്ങളുണ്ടാവുമെങ്കിലും ഇത് അതിനും മുകളിലാണെന്നാണ് ചിത്രത്തിന്റെ സഹനിർമ്മാതാവ് കൂടിയായ താരം പറയുന്നത്.

“വലിയ മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. കഴിഞ്ഞ 48 മണിക്കൂറുകളായി ഞാന്‍ ഉറങ്ങിയിട്ടില്ല. തമാശ പറഞ്ഞതല്ല. എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല. പല ചിന്തകളാണ് മനസിലൂടെ കടന്നുപോകുന്നത്. അതിനാല്‍ ഞാന്‍ പുസ്തകം വായിക്കുകയോ ഓണ്‍ലൈനില്‍ ചെസ് കളിക്കുകയോ ചെയ്യുന്നു. ഓഗസ്റ്റ് 11 നു ശേഷം മാത്രമാണ് എനിക്ക് ഉറങ്ങാന്‍ ആവുക.” ദില്ലിയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു കൊണ്ട് ആമിർ ഖാൻ പറഞ്ഞു.

Read More: ഇരുപതുകാരനായും അൻപതുകാരനായും ആമിർ ഖാൻ; ‘ലാൽ സിംഗ് ഛദ്ദ’ ട്രെയ്‌ലർ

അതേ സമയം 1994 ൽ റിലീസ് ചെയ്‌ത ടോം ഹാങ്ക്സിന്റെ ഫോറസ്റ്റ് ഗംപ് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണ് ലാൽ സിംഗ് ഛദ്ദ. ടോം ഹാങ്ക്സിന് മികച്ച നടനുള്ള ഓസ്‌കർ അവാർഡ് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഫോറസ്റ്റ് ഗംപ്. 25 വർഷങ്ങൾക്ക് ശേഷമാണ് ചിത്രം ഇപ്പോൾ ഹിന്ദിയിൽ റീമേക്ക് ചെയ്യുന്നത്. ആമിർഖാൻ പ്രൊഡക്ഷൻസും വയാകോം 18 മോഷൻ പിക്ചേഴ്സും ചേർന്നാണ് ലാൽ സിംഗ് ഛദ്ദ നിർമ്മിക്കുന്നത്.

Story Highlights: Aamir khan about pre-release anxiety