ഇരുപതുകാരനായും അൻപതുകാരനായും ആമിർ ഖാൻ; ‘ലാൽ സിംഗ് ഛദ്ദ’ ട്രെയ്‌ലർ

May 30, 2022

ആമിർ ഖാൻ നായകനാകുന്ന ‘ലാൽ സിംഗ് ഛദ്ദ’ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ പ്രേക്ഷകരിലേക്ക് എത്തി. ഇരുപതുകാരനായും അൻപതുകാരനായും ചിത്രത്തിൽ വേഷമിടുന്നുണ്ട് ആമിർ ഖാൻ. അദ്ദേഹത്തിന്റെ അഭിനയ വൈഭവം സിനിമയിൽ പതിഞ്ഞിട്ടുണ്ടെന്ന് ട്രെയ്‌ലർ ഉറപ്പ് നൽകുന്നു.

ചിത്രത്തിൽ നായികയായെത്തുന്നത് കരീന കപൂറാണ്. എന്നാൽ, ഇവർക്ക് പുറമെ നടൻ ഷാരൂഖ് ഖാനും ലാൽ സിംഗ് ഛദ്ദയിൽ വേഷമിടുന്നുണ്ട്. അതിഥി വേഷത്തിലാണ് ഷാരൂഖ് ഖാൻ ചിത്രത്തിൽ എത്തുന്നത്.  ലാൽ സിംഗ് ഛദ്ദയിലൂടെ തെലുങ്ക് താരം നാഗ ചൈതന്യ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്.

ഹോളിവുഡ് ഹിറ്റ് ചിത്രമായ ‘ഫോറസ്റ്റ് ഗംപി’ന്റെ റീമേക്കാണ് ‘ലാൽ സിംഗ് ഛദ്ദ’. ചിത്രത്തിന്റെ വിഷ്വൽ ഇഫക്റ്റുകൾ കൈകാര്യം ചെയ്യുന്നത് ഷാരൂഖ് ഖാന്റെ സ്ഥാപനമാണ്. അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ‘ലാൽ സിംഗ് ഛദ്ദ’ ഈ വർഷം ഡിസംബറിൽ പ്രദർശനത്തിനെത്താൻ തീരുമാനിച്ചിരുന്നെങ്കിലും ചിത്രീകരണം വൈകിയതോടെ റിലീസ് നീളുകയായിരുന്നു.

മുൻപ്, 2020 ഡിസംബർ 25നായിരുന്നു ചിത്രത്തിന്റെ റീലിസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കൊവിഡ് സാഹചര്യം കാരണം ചിത്രീകരണം നീളുകയും പറഞ്ഞ സമയത്ത് റിലീസ് സാധ്യമല്ലാത്ത അവസ്ഥയുണ്ടാകുകയും ചെയ്യുകയായിരുന്നു.

Read Also: ‘ഏറ്റവുമധികം സ്നേഹിക്കുന്ന ആളെയാണ് ഈ കേസിൽ തോൽപ്പിക്കേണ്ടത്..’- ‘വാശി’ ടീസർ

 ടോം ഹാങ്ക്സിന്റെ ‘ഫോറസ്റ്റ് ഗംപ്’ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണ് ‘ലാൽ സിംഗ് ഛദ്ദ’. 1994ൽ റിലീസ് ചെയ്ത ചിത്രം വൻ വിജയമായിരുന്നു. ആമിർഖാൻ പ്രൊഡക്ഷൻസും വയാകോം 18 മോഷൻ പിക്ചേഴ്സും ചേർന്നാണ് ‘ലാൽ സിംഗ് ഛദ്ദ ’ ഒരുക്കുന്നത്. അതേസമയം, ആറ് ഓസ്കാർ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ചിത്രം കൂടിയാണ് ‘ഫോറസ്റ്റ് ഗംപ്’. 25 വർഷത്തിന് ശേഷമാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. ആമിർ ഖാന്റെ ആരാധകരും ബോളിവുഡ് സിനിമാ ലോകവും വളരെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

Story highlights- Laal Singh Chaddha Official Trailer