സംവിധായകരെ വിളിച്ച് ചാൻസ് ചോദിക്കാന്‍ തുടങ്ങിയിട്ട് 24 വർഷം; ഒടുവിൽ കൈവന്ന ഭാഗ്യം, ഹൃദ്യം ഈ കുറിപ്പ്

November 18, 2019

സിനിമയിൽ ഒന്ന് മുഖം കാണിക്കാൻ അവസരം അന്വേഷിച്ച് നടക്കുന്ന നിരവധി ആളുകളുണ്ട്. ചെറിയ വേഷങ്ങൾക്ക് വേണ്ടി സംവിധായകരുടെയും സിനിമപ്രവർത്തകരുടെയും അടുത്തു കയറിയിറങ്ങുന്നവരും മലയാള സിനിമയിൽ സ്ഥിരം കാഴ്ചയാണ്. എന്നാൽ 24 വർഷങ്ങൾ സിനിമയിൽ ഒരു അവസരം ചോദിച്ച് പല സംവിധായകരുടെയും അടുത്തുകൂടെ കയറിയിറങ്ങി അവസാനം ഭാഗ്യം ഇങ്ങോട്ടേക്ക് അന്വേഷിച്ച് വന്ന ജയരാജ് എന്ന നടന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് അമർ പ്രേം തന്റെ ഫേസ്ബുക്ക് പേജിലൂടെ.

മാത്തുക്കുട്ടി സംവിധാനം നിർവഹിച്ച ‘ഹെലൻ’ എന്ന ചിത്രത്തിലാണ് ജയരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് അദ്ദേഹത്തെ വിളിച്ച് ഈ അവസരം നലകിയത്. ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത്  ശ്രീനിവാസനാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിനീത് ശ്രീനിവാസൻ നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഹെലൻ’. അന്ന ബെന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുകയാണ്. ‘ദി ചിക്കന്‍ ഹബ്ബ്’ എന്ന പേരിലുള്ള റസ്റ്റോറന്റിലെ വെയ്ട്രസ് ആണ് അന്നയുടെ കഥാപാത്രം.

അമറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം:

ഹെലൻ # വിനീത് ശ്രീനിവാസൻ ഇഷ്ടം  ???
1995 ൽ കെ മധു സാറിന്റെ ഒരു അഭിഭാഷകന്റെ കേസ് ഡയറി എന്ന സിനിമയിൽ കള്ളൻ ദാമോദരൻ എന്ന മികച്ച കഥാപാത്രത്തിന് ശേഷം കഴിഞ്ഞ 24 കൊല്ലവും അഭിനയിച്ച നൂറിൽ പരം സിനിമയിലും ആൾക്കൂട്ടത്തിൽ നിൽക്കുവാനോ, അല്ലെങ്കിൽ ഒരു ഡയലോഗ്, അതിനായിരുന്നു ജയരാജേട്ടന് യോഗം. പക്ഷെ കഴിഞ്ഞ 24 കൊല്ലവും അദ്ദേഹം മടി കൂടാതെ ചാൻസിന് വേണ്ടി എല്ലാവരേയും വിളിച്ചു കൊണ്ടേ ഇരുന്നു, ആ അദ്ദേഹത്തിന്റെ ഫോണിലേക്ക് വിനീത് ശ്രീനിവാസൻ എന്ന വ്യക്തി നേരിട്ട് വിളിച്ചു നല്കിയ സിനിമയാന് ഹെലൻ … ഹെലൻ സിനിമ കണ്ടിറങ്ങിയവർക്കു മനസ്സിലാകും എത്ര ശക്തമായ കഥാപാത്രമാണ് ജയരാജേട്ടന് കിട്ടിയത് എന്ന്, ഹെലൻ എനിക്ക് പ്രീയപ്പെട്ടതാകുന്നു എല്ലാം കൊണ്ടും, നമ്മുടെ ജയരാജേട്ടനെ നിങ്ങളുടെ കൂടെ ചേർത്തു നിർത്തിയതിന് വിനീത് ഭായ് ഒരിക്കൽ കൂടി നന്ദി.