‘കാലിക്കട്ട് എക്‌സ്പ്രസ്സ്’; കരിപ്പൂർ വിമാനാപകടം സിനിമയാകുന്നു
കേരളത്തെ ഞെട്ടിച്ച കരിപ്പൂർ വിമാനാപകടം സിനിമയാകുന്നു. ‘കാലിക്കട്ട് എക്‌സ്പ്രസ്സ് എന്ന പേരിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മായയാണ്. മജീദ് മാറഞ്ചേരി തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രം നൂതന സാങ്കേതിക വിദ്യയിലാണ് ഒരുങ്ങുന്നത്.
നൂറിലധികം യുവ താരങ്ങൾക്കൊപ്പം മലയാളത്തിലെ പ്രമുഖ താരവും ചിത്രത്തിലുണ്ടാകുമെന്ന് അണിയറപ്രവർത്തകർ പറയുന്നു. ടേക്ക് ഓഫ് സിനിമാസ് നിർമിക്കുന്ന ചിത്രം 2021 ജനുവരിയിൽ ചിത്രീകരണം ആരംഭിച്ച് ഓഗസ്റ്റിൽ തിയേറ്ററുകളിലേക്ക് എത്തിക്കാനാണ് തീരുമാനം.
വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്നും തെന്നിമാറിയാണ് അപകടം ഉണ്ടായത്. ദുബായ്- കോഴിക്കോട് 1344 എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. നിരവധിപ്പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടസമയത്ത് കനത്ത മഴയിലും ആംബുലൻസിനും അഗ്നിസുരക്ഷാ സേനയ്ക്കും പോലീസിനുമൊന്നുമായി കാത്തുനിൽക്കാതെ സ്വന്തം വാഹനങ്ങളിലാണ് ആളുകൾ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്. തികച്ചും മാതൃകാപരമായ രക്ഷാപ്രവർത്തനത്തിലൂടെ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സാധിച്ചു.
Read More: ബിലാൽ ലുക്കിൽ മമ്മൂട്ടി, ദൃശ്യം ലുക്കിൽ മോഹൻലാൽ; ചോക്ലേറ്റ് ഹീറോയായി കുഞ്ചാക്കോ ബോബൻ
സ്വന്തം ജീവൻ പോലും പണയപ്പെടുത്തി നൂറുകണക്കിനാളുകളാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. വന്ദേഭാരത് മിഷന്റെ ഭാഗമായി എത്തുന്ന വിമാനത്തിൽ കൊവിഡ് ബാധിതരുണ്ടാകാം എന്ന ബോധ്യത്തോടെ തന്നെയാണ് പ്രോട്ടോകോൾ പോലും മറികടന്ന് ആളുകളുടെ ജീവൻ രക്ഷിക്കാൻ പ്രദേശവാസികൾ ഓടിയെത്തിയത്.
Story highlights- calicut express movie based on karipur plane crash