‘കൊവിഡ് ഭീതിയും അപകട സാധ്യതയും അവഗണിച്ചു നാട്ടുകാർ മുന്നിട്ടിറങ്ങിയത് സഹജീവി സ്നേഹത്തിൻ്റെ ഉദാത്തമായ അനുഭവമാണ്’- മുഖ്യമന്ത്രി
കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്നും തെന്നിമാറി ഉണ്ടായ അപകടം കേരളത്തെ കൊവിഡിനൊപ്പം ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വന്ദേഭാരത് മിഷന്റെ ഭാഗമായി ദുബായിൽ നിന്നുമെത്തിയ എയർ ഇന്ത്യ എക്സ്പ്രസിന്റെ എഎക്സ്ബി1344 ബി737 വിമാനമാണ് 190 യാത്രക്കാരുമായി അപകടപ്പെട്ടത്. അതേസമയം, കനത്ത മഴ വകവെയ്ക്കാതെ കൊവിഡ് പ്രോട്ടോകോൾ മറന്ന് സമീപവാസികൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത് അപകടത്തിന്റെ തോത് കുറയ്ക്കാൻ സഹായിച്ചു. രക്ഷാപ്രവർത്തനത്തിനെത്തിയവരെ അഭിനന്ദിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.
മുഖ്യമന്ത്രിയുടെ കുറിപ്പ്;
കരിപ്പൂർ വിമാന താവളത്തിൽ വിമാനം അപകടത്തിൽപെട്ടപ്പോൾ ദ്രുതഗതിയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടാൻ ആയത് വലിയൊരു അളവ് വരെ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കുവാൻ ഇടയാക്കിയിട്ടുണ്ട്.
പരിക്കേറ്റവരെ രക്ഷിക്കാൻ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അധികൃതരോടൊപ്പം കൊവിഡ് ഭീതിയും അപകട സാധ്യതയും അവഗണിച്ചു നാട്ടുകാർ മുന്നിട്ടിറങ്ങിയത് സഹജീവി സ്നേഹത്തിൻ്റെ ഉദാത്തമായ അനുഭവമാണ്. രാത്രി ഏറെ വൈകിയും ആശുപത്രികളിൽ രക്തദാനത്തിനായി എത്തിച്ചേർന്ന യുവാക്കളുടെ നീണ്ട നിരയും ദുരന്തത്തിനിടയിലും കേരളത്തിന് ആശ്വാസവും പ്രതീക്ഷയും നൽകുന്നു. രക്ഷാ പ്രവർത്തനത്തിലേർപ്പെട്ട ഓരോരുത്തരെയും അഭിവാദ്യം ചെയ്യുന്നു.
Read More: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; നാല് ജില്ലകളിൽ റെഡ് അലേർട്ട്
ഇന്നലെ രാത്രി 7.45 ഓടെയാണ് സംസ്ഥാനത്തെ നടുക്കിയ കരിപ്പൂർ വിമാന ദുരന്തം ഉണ്ടായത്. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. ദുബായ്- കോഴിക്കോട് 1344 എയർഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടന്നു. വിമാനത്തിന്റെ മുൻഭാഗം കൂപ്പുകുത്തി രണ്ടായി പിളരുകയായിരുന്നു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വിമാനാപകടം നടന്ന കരിപ്പൂർ വിമാനത്താവളം സന്ദർശിക്കും. ഒൻപത് മണിക്ക് ഹെലിക്കോപ്ടറിൽ മുഖ്യമന്ത്രി ഡിജിപി, പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരോടൊപ്പമായിരിക്കും മുഖ്യമന്ത്രി സ്ഥലം സന്ദർശിക്കുക. മന്ത്രി കെ ടി ജലീലും കരിപ്പൂരിലെത്തുമെന്നും വിവരമുണ്ട്.
Story highlights-chief minister about karipur incident