രവിവര്‍മ്മ ചിത്രങ്ങളുടെ പശ്ചാതലത്തില്‍ വ്യത്യസ്തമായൊരു കൊവിഡ് ബോധവല്‍ക്കരണ ഫോട്ടോഷൂട്ട്: ചിത്രങ്ങള്‍
മാസങ്ങളേറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് നമ്മുടെ രാജ്യം. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. മഹാമാരിയെക്കുറിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നവരും നിരവധിയാണ്. ഷോട്ട്ഫിലിം, മ്യൂസിക്, ഡാന്‍സ്, തുടങ്ങിയ വിവിധ മാര്‍ഗങ്ങളിലൂടെയുള്ള ബോധവല്‍ക്കരണങ്ങള്‍ നമുക്ക് മുന്നില്‍ പ്രത്യക്ഷമാകാറുണ്ട്.
ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് അല്പം വ്യത്യസ്തമായ ഒരു കൊവിഡ് ബോധവല്‍ക്കരണം. രാജാ രവിവര്‍മ്മയുടെ പെയിന്റിങ്ങുകളുടെ മാതൃകയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയുള്ള ബോധവല്‍ക്കരണമാണ് ശ്രദ്ധ നേടുന്നത്. ചലച്ചിത്ര സംവിധായകനായ ജിബിന്‍ ജോര്‍ജ് ജെയിംസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വേറിട്ട ഈ ബോധവല്‍ക്കരണ ആശയത്തിന് പിന്നില്‍.
രവിവര്‍മ്മയുടെ ‘അതാ അച്ഛന് വരുന്നു’, ‘നിലാവത്ത് ഇരിക്കുന്ന വനിത’, ‘ഫലമേന്തിയ സ്ത്രീ’ എന്നീ ചിത്രങ്ങളുടെ മാതൃകയിലാണ് ബോധവല്‍ക്കരണ ഫോട്ടോഷൂട്ട് ഒരുക്കിയത്. കൊവിഡ് രോഗത്തെ ചെറുത്തുനില്ക്കാന് എന്തൊക്കെ മാര്‍ഗങ്ങളാണ് നാം സ്വീകരിക്കേണ്ടത് എന്ന് വ്യക്തമാക്കുന്നുണ്ട് ഈ ഫോട്ടോകള്‍.
അച്ഛന് വരുമ്പോള്‍ കൈകള്‍ വൃത്തിയാക്കുന്നതിനായി സോപ്പും സാനിറ്റൈസറും തളികയില്‍ പിടിച്ച് മകനെ തോളത്തിരിത്തു നില്ക്കുന്ന അമ്മയുടെ ഫോട്ടായാണ് ‘അതാ അച്ഛന് വരുന്നു’ എന്ന രവിവര്‍മ്മ ചിത്രത്തിന്റെ മാതൃകയിലൊരുക്കിയത്. മാസ്ക് ധരിച്ചിരിക്കുന്ന രീതിയിലാണ് നിലാവത്തിരിക്കുന്ന സ്ത്രീയെ അടിസ്ഥാനമാക്കി ചിത്രം പകര്‍ത്തിയത്. ഫലമേന്തിയ സ്ത്രീ എന്ന രവിവര്‍മ്മ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ ഫലത്തിന് പകരം സാനിറ്റൈസര്‍ കൈയിലേന്തിയ സ്ത്രീയെ ഫോട്ടോഷൂട്ടില്‍ പകര്‍ത്തി. എന്തായാലും ശ്രദ്ധ നേടിക്കഴിഞ്ഞു ഈ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയുള്ള കൊവിഡ് ബോധവല്‍ക്കരണം.
Story highlights: Covid awareness photo-shoot