‘ഇനിയൊരു വലിയ കൊവിഡ് ദുരന്തം കൂടി വേണ്ട നമുക്ക്; പ്രിയപ്പെട്ട രക്ഷാപ്രവർത്തകരോട് ഒന്നേ പറയാനുള്ളൂ’- നിർദേശങ്ങളുമായി ഡോക്ടറുടെ കുറിപ്പ്
കരിപ്പൂർ വിമാനാപകടത്തിന്റെ വ്യാപ്തി കുറച്ചത് പൈലറ്റിന്റെ സമയോചിതമായ നീക്കവും, പ്രദേശവാസികളുടെ ധ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനവുമാണ്. കനത്ത മഴയും കൊവിഡ് ഭീതിയും വകവയ്ക്കാതെ രക്ഷാപ്രവർത്തനത്തിൽ ഒട്ടേറെ ആളുകൾ പങ്കെടുത്തിരുന്നു. വന്ദേഭാരത് മിഷന്റെ ഭാഗമായി എത്തിയ വിമാനത്തിൽ കൊവിഡ് ബാധിതർ തീർച്ചയായും ഉണ്ടാകും എന്ന പൂർണ ബോധ്യത്തോടെയാണ് കൊവിഡ് പ്രോട്ടോകോൾ പോലും മാറ്റിവെച്ച് ആളുകൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്നവരെ സ്വന്തം വാഹനങ്ങളിലുമൊക്കെയായാണ് സമീപവാസികൾ ആശുപത്രിയിലേക്ക് എത്തിച്ചത്. ഇപ്പോൾ വിമാനത്തിലുണ്ടായിരുന്ന 40 യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഡോക്ടർ ഷിംന അസീസിന്റെ കുറിപ്പ് ശ്രദ്ധേയകമാകുകയാണ്. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർ നിർബന്ധമായും ക്വാറന്റീനിൽ പോകണം എന്നാണ് ഡോക്ടർ ആവശ്യപ്പെടുന്നത്.
ഡോക്ടറുടെ കുറിപ്പ്;
കരിപ്പൂർ അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ കൊണ്ടു വന്നാക്കി തിരിച്ചു പോകുന്ന രക്ഷാപ്രവർത്തകരായ ആ നാട്ടുകാർ ചോദിച്ചത് “ഡോക്ടറെ, ഇനി ഞങ്ങളിവിടെ നിൽക്കണേൽ നിൽക്കാംട്ടോ. ഞങ്ങളുടെ പേരോ വിവരങ്ങളോ ഇവിടെ തരണോ? ഇനി വീട്ടിലുള്ളവർക്ക് കൊവിഡ് വരാതിരിക്കാൻ ഞങ്ങളെന്താണ് വേണ്ടത്?” എന്ന് മാത്രമാണ്.
രക്ഷാപ്രവർത്തനം നടത്തുമ്പോൾ കൊവിഡ് കാലവും ശാരീരിക അകലവുമൊന്നും അവർ ഓർത്തിരുന്നില്ല. അതൊന്നും നോക്കാനുമാവില്ല. അതിനൊന്നും പറ്റുന്നൊരു ആഘാതത്തിനല്ല അവർ സാക്ഷ്യം വഹിച്ചതും.
പ്രിയപ്പെട്ട രക്ഷാപ്രവർത്തകരോട് ഒന്നേ പറയാനുള്ളൂ. ഇന്നലെ വിമാനത്തിൽ നിന്നും കൈയിൽ കിട്ടിയ ജീവൻ വാരിയെടുത്ത് ഞങ്ങൾക്കരികിൽ എത്തിയവരിൽ നിങ്ങളിൽ ആരെങ്കിലുമുണ്ടായിരുന്നെങ്കിൽ ദയവ് ചെയ്ത് 14 ദിവസം സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണം. വീട്ടിലെ പ്രതിരോധശേഷി കുറവുള്ളവരുമായി യാതൊരു തരത്തിലും ഇടപെടരുത്. കോരിച്ചൊരിയുന്ന മഴയും തണുപ്പും കണക്കാക്കാതെ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട നിങ്ങൾക്ക് വരാൻ സാധ്യതയുള്ള വൈറൽ ഫീവർ ജലദോഷപ്പനിയാണോ കൊവിഡാണോ എന്ന് സ്വയം തീരുമാനിച്ച് ലഘൂകരിക്കരുതെന്നും താഴ്മയായി അപേക്ഷിക്കുകയാണ്. ഉറപ്പായും ഞങ്ങൾക്കരികിലെത്തി ചികിത്സ തേടണം.
കൊണ്ടോട്ടി എന്ന കണ്ടെയിൻമെന്റ് സോണിലുള്ള, കടുത്ത കൊവിഡ് ഭീഷണിയുള്ള , ഒരു പക്ഷേ കൊവിഡ് രോഗികൾ ആയിരുന്നിരിക്കാൻ സാധ്യതയുള്ള, വിദേശത്ത് നിന്ന് വന്ന മനുഷ്യരെ ചേർത്ത് പിടിച്ച് സ്വന്തം വാഹനങ്ങളിൽ വരെ ആശുപത്രിയിൽ എത്തിച്ച നിങ്ങൾക്ക് രോഗം വരാനുള്ള സാധ്യത അത്രയേറെയാണ്. ഇനിയൊരു വലിയ കൊവിഡ് ദുരന്തം കൂടി വേണ്ട നമുക്ക്. മറ്റിടങ്ങളിൽ നിന്നും വന്നെത്തിയ രക്ഷാപ്രവർത്തകരും ഇതേ കാര്യം പൂർണമായും ശ്രദ്ധിക്കുമല്ലോ.
Read More: ‘അങ്ങയെ പരിചയമുള്ളതിൽ അഭിമാനം’- പൈലറ്റ് ഡി. വി സാഥെയുടെ ഓർമ്മകളിൽ പൃഥ്വിരാജ്
ഇന്നലെ ആക്സിഡന്റ് പരിസരത്ത് പ്രവർത്തിച്ചവരോട് രണ്ടാഴ്ച ക്വാറന്റീനിൽ പ്രവേശിക്കാൻ സ്നേഹപൂർവ്വം അപേക്ഷിക്കുകയാണ്. എന്നിട്ടും കൊവിഡ് വന്നാലോ എന്നാ? ഞങ്ങളുടെ അഭിമാനമായ രക്ഷാപ്രവർത്തകരെ ഉറപ്പായും ഞങ്ങൾ ആവും വിധമെല്ലാം നോക്കും.
നിസ്സംശയം നിങ്ങളോക്കെ തന്നെയാണ് ഈ ഭൂമിയിൽ ആയുരാരോഗ്യസൗഖ്യങ്ങളോടെ ഏറെക്കാലം തുടരേണ്ടവർ.ഹൃദയം തൊട്ട നന്ദി നിങ്ങളോരോരുത്തർക്കും.
doctor shimna azeez Suggestion to rescuers