ദുരിത ജീവിതം, തലവര മാറിയത് യുട്യൂബ് ചാനലിലൂടെ; 1 മില്യൺ കാഴ്ചക്കാർ, സ്റ്റാറാണ് ഗംഗവ
സാഹചര്യങ്ങളാണ് മനുഷ്യനെ ശക്തനും ബുദ്ധിമാനും ആക്കുന്നത് എന്ന് പറഞ്ഞ് കേൾക്കാറില്ലേ, അത്തരത്തിൽ ഏറെ ദുരിതം നിറഞ്ഞ ജീവിത സാഹചര്യങ്ങളിൽ നിന്നും കരകയറാൻ പലശ്രമങ്ങളും നടത്തി ജീവിത വിജയം കൈവരിച്ച വ്യക്തിയാണ് ഗംഗവ എന്ന അമ്മ. കുറച്ച് വർഷങ്ങൾക്ക് മുൻപ് ആ ഗ്രാമത്തിലെ മറ്റുളവരെ പോലെത്തന്നെ ഒരു സാധാരണ സ്ത്രീ ആയിരുന്നു ഗംഗവ മില്ലുക്കുറിയും. സ്കൂളിൽ പോയിട്ടില്ല. അതുകൊണ്ടുതന്നെ ജീവിതം പഠിപ്പിച്ച അനുഭവങ്ങൾ മാത്രമായിരുന്നു ഈ അമ്മയുടെ ആകെയുള്ള സമ്പാദ്യവും.
തെലുങ്കാന സ്വദേശിയാണ് ഗംഗവ, മദ്യത്തിന് അടിമയായ ഭർത്താവും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബമാണ് ഇവരുടേത്. വീട്ടു ജോലിചെയ്തും പറമ്പിൽ പണിയെടുത്തുമാണ് ഇവർ കുടുംബം പോറ്റിയിരുന്നത്. അങ്ങനെയിരിക്കെ ഇവരുടെ മരുമകൻ തുടങ്ങിയ ഒരു യൂട്യൂബ് ചാനലാണ് മൈ വില്ലേജ് ഷോ. സോഷ്യൽ മീഡിയയെക്കുറിച്ചോ, യുട്യൂബിനെക്കുറിച്ചോ ഒന്നുമറിയാതിരുന്ന ഈ ‘അമ്മ ഇപ്പോൾ ഒരു മില്യൺ കാഴ്ചക്കാരുള്ള ഒരു യുട്യൂബ് ചാനലിലിലെ താരമാണ്.
ആദ്യമൊക്കെ വീഡിയോയിൽ വെറുതെ വന്ന് പോകുന്ന വ്യക്തിയായിരുന്നു ഗംഗവ. എന്നാൽ അധികം താമസമില്ലാതെ ഈ അമ്മയുടെ സംസാര രീതിയും പെർഫോമൻസുമെല്ലാം കാഴ്ചക്കാർക്ക് വളരെ അധികം ഇഷ്ടപ്പെട്ടു. ഇതോടെ കൂടുതൽ സമയവും വീഡിയോയിൽ നിറഞ്ഞു നിൽക്കുന്നത് ഗംഗവ ആയി. പിന്നീട് ഈ ഷോ പൂർണമായും ഒരു ഗംഗവ ഷോ ആയി മാറുകയായിരുന്നു. നിരവധി ആരാധകരുള്ള താരമായി മാറിയതോടെ തെലുങ്ക് സിനിമയിലെ പ്രിയതാരങ്ങളായ വിജയ് ദേവരക്കൊണ്ട, മഹേഷ് ബാബു തുടങ്ങി നിരവധി പേർ ഈ അമ്മയെ അന്വേഷിച്ച് ഇവരുടെ നാട്ടിലും എത്തി. പിന്നീട് രണ്ട് സിനിമകളിലും ഇവർ അഭിനയിച്ചു.
Story Highlights:Gamgava youtube star inspirational life