അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്

August 6, 2020
Heavy rain and yellow alert in Kerala

കേരളത്തില്‍ വിവിധ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. വയനാട്, ഇടുക്കി, മലപ്പുറം ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 7 ന് മലപ്പുറം, ഓഗസ്റ്റ് 8 ന് ഇടുക്കി, ഓഗസ്റ്റ് 9 ന് വയനാട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.5 എംഎമ്മില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തില്‍ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. വയനാട്, ഇടുക്കി ജില്ലകളിൽ ദുരന്ത സാധ്യതാ മേഖലകളിൽ ഉള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റിത്തുടങ്ങി. ഉരുൾപൊട്ടലിനും, മണ്ണിടിച്ചിലിനും സാധ്യത ഉള്ളതിനാൽ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര ഒഴിവാക്കണമെന്നു നിർദേശമുണ്ട്.

Read also: സാനിറ്റൈസർ തിരഞ്ഞെടുക്കുമ്പോഴും ഉപയോഗിക്കുമ്പോഴും വേണം, അതീവ ശ്രദ്ധ

അതേസമയം, കേരളത്തിൽ ദേശീയ ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. പാലക്കാട് ഭവാനിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ദേശീയ ജല കമ്മീഷന്‍ പുറത്തിറക്കിയ സ്‌പെഷ്യല്‍ ഫ്‌ളഡ് അഡൈ്വസറിയില്‍ പറയുന്നു.

Story Highlights: Heavy Rain alert