മഴക്കാലത്ത് വേണം, പാദങ്ങൾക്ക് അധിക ശ്രദ്ധ..

June 1, 2023

മഴക്കാലമെത്തി. ഇനി ഈർപ്പം തങ്ങുന്ന തുണികളും തണുപ്പുമെല്ലാം ആളുകളെ അസ്വസ്ഥരാക്കാൻ തുടങ്ങും. എന്നാൽ, മൺസൂൺ കാലത്ത് ഏറ്റവുമധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് ദുർഗന്ധം വമിക്കുകയും ചുളിവുകൾ വീഴുകയും ചെയ്യുന്ന കാലുകളാണ്. അതുകൊണ്ടുതന്നെ മഴക്കാലത്ത് അവ കൂടുതൽ പരിചരണം അർഹിക്കുന്നുണ്ട്. ഈർപ്പമുള്ളതും നനഞ്ഞതും ഒട്ടിപ്പിടിക്കുന്നതുമായ കാലാവസ്ഥ വിയർക്കുന്ന പാദങ്ങൾ, വിള്ളലുകൾ, ഫംഗസ് അണുബാധ, ചൊറിച്ചിൽ തുടങ്ങി നിരവധി അലർജികളിലേക്ക് നയിക്കും.

എന്നാൽ ചില ലളിതമായ പാദ സംരക്ഷണ ശീലങ്ങൾ വഴി ഈ പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാൻ കഴിയും. ഷൂ ധരിക്കുന്നത് ഒഴിവാക്കുക: പാദം മൂടുന്ന ഷൂ ധരിക്കുന്നതിലൂടെ കാലിൽ തങ്ങിനിൽക്കുന്ന ഈർപ്പത്തിന്റെ അളവ് വർധിക്കും. ഇത് പിന്നീട് ഫംഗസ് അണുബാധകൾക്ക് വിധേയമാകും. മഴക്കാലത്ത് പാദങ്ങൾ പെട്ടെന്ന് ഉണങ്ങാൻ തുറന്ന പാദരക്ഷകൾ ധരിക്കുക. കൂടാതെ, ഒരിക്കലും നനഞ്ഞ ഷൂ ധരിക്കരുത്.

എപ്പോഴും പാദങ്ങൾ വൃത്തിയായി സൂക്ഷിക്കുക. പുറത്തുപോയി വീട്ടിൽ തിരിച്ചെത്തിയതിന് ശേഷം എല്ലാ ദിവസവും പാദങ്ങൾ കഴുകുന്നത് ഉറപ്പാക്കുക. ദിവസവും ചെറുചൂടുള്ള വെള്ളവും വീര്യം കുറഞ്ഞ സോപ്പും ഉപയോഗിച്ച് കാലിലെ അഴുക്കും ചെളിയും നീക്കം ചെയ്യുക. കാൽവിരലുകൾക്കിടയിലുള്ള ഭാഗം ഉണക്കി, ദിവസവും ഒരു ആൻറി ഫംഗൽ പൗഡർ പുരട്ടുക. അഴുക്കും ബാക്ടീരിയയും വർധിക്കുമെന്നതിനാൽ നീളമുള്ള നഖങ്ങൾ ഒഴിവാക്കുക.

ഈ സമയങ്ങളിൽ പെഡിക്യൂർ ഒഴിവാക്കുക. പാർലറുകളിൽ ചെയ്യുന്ന പെഡിക്യൂർ പലപ്പോഴും കാലിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. മഴക്കാലത്ത് അതുകൊണ്ടുതന്നെ ഒഴിവാക്കുന്നതാണ് നല്ലത്.മഴക്കാലത്ത് തണുത്ത തറയിലോ നനഞ്ഞ പുല്ലിലോ നഗ്നപാദരായി നടക്കുന്നത് തെറ്റാണ്. ചെരിപ്പിടാതെ നടക്കുന്നത് അരിമ്പാറ വരാനുള്ള സാധ്യത വർധിപ്പിക്കുന്നു, കൂടാതെ പാദങ്ങളെ ബാക്ടീരിയ, ഫംഗസ് അണുബാധകൾക്കുള്ള വളക്കൂറുള്ള സ്ഥലമാക്കി മാറ്റുന്നു. ഇത് പിന്നീട് ചികിത്സിക്കാൻ പ്രയാസമാണ്.

Read also: ‘രണ്ടു മിനിറ്റ് അമ്മ അടുക്കളയിൽ കയറി കരഞ്ഞു..’- മേധക്കുട്ടിയുടെ രസികൻ വിശേഷം

പാദങ്ങളിൽ ജലാംശം നിലനിർത്താനും അലർജി തടയാനും മൃദുവും മിനുസമാർന്നതുമായി നിലനിർത്താനും സഹായിക്കുന്ന ഒരു നല്ല ഫൂട്ട് ക്രീം ആവശ്യമാണ് മഴക്കാലത്ത്. ഉണങ്ങിയ പാദങ്ങളിൽ ദിവസത്തിൽ രണ്ടുതവണ ക്രീം പുരട്ടുക. രാവിലെ കുളിച്ചതിന് ശേഷവും രാത്രി ഉറങ്ങാൻ പോകുന്നതിനുമുൻപും ഇങ്ങനെ ചെയ്യാം.

Story highlights- monsoon foot care tips