സംസ്ഥാനത്ത് നാളെയും അതിതീവ്ര മഴ; വിവിധ ക്യാംപുകളിലായി മാറ്റി താമസിപ്പിച്ചിരിക്കുന്നത് 11,444 പേരെ

August 8, 2020
Heavy rain and yellow alert in Kerala

സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളില്‍ നാളെയും അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. അതിനിടെ ഒഡീഷ തീരത്ത് ന്യൂനമര്‍ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പു നൽകി. നാളെ മഴ കൂടുതല്‍ ശക്തമായേക്കും. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും അതീവ ജാഗ്രത തുടരുകയാണ്.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം സാധ്യതയുള്ളതിനാൽ തയ്യറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓഗസ്റ്റ് 10ന് മലപ്പുറം, കണ്ണൂർ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ വ്യാപകമായ സാഹചര്യത്തിൽ വിവിധ ക്യാംപുകളിൾ 3530 കുടുംബങ്ങളെയാണ് താമസിപ്പിച്ചിരിക്കുന്നത്. മൊത്തം 11,444 പേർ ക്യാംപുകളിലുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ പേർ ഉള്ളത് വയനാട് ജില്ലകളിൽ നിന്നാണ്. 69 ക്യാമ്പുകളിലായി 3795 പേരെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ 43 ക്യാമ്പുകളിലായി 1015 പേരേയും, കോട്ടയത്ത് 38 ക്യാമ്പുകളിലായി 801 ആളുകളേയും എറണാകുളത്ത് 30 ക്യാമ്പുകളിലായി 852 പേരേയും ഇടുക്കിയില്‍ 17 ക്യാമ്പുകളിലായി 542 ആളുകളേയും മലപ്പുറത്ത് 18 ക്യാമ്പുകളിലായി 890 പേരേയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

Story Highlights: heavy-rain-kerala-red-alert