സദ്യ ഗംഭീരമാക്കാന്‍ ഓണത്തിന് മുന്നേ ശ്രദ്ധിക്കാം ചിലകാര്യങ്ങള്‍: വീഡിയോ

August 25, 2020
How to wash and store vegetables

കൊവിഡ് 19 എന്ന മഹാമാരി തീര്‍ത്ത പ്രതിസന്ധിയിലാണെങ്കിലും ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് മലയാളികള്‍. ആളും ആരവങ്ങളുമില്ലാതെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഇത്തവണത്തെ ഓണാഘോഷങ്ങളെല്ലാം. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സാമൂഹിക അകലം പാലിക്കേണ്ടതു കൊണ്ട് വീടുകളിലായിരിക്കും മിക്കവരുടേയും ഓണാഘോഷങ്ങള്‍. പ്രത്യേകിച്ച് ഓണസദ്യ. ഓണത്തിന് മുന്നേതന്നെ കുറച്ച് കാര്യങ്ങളെല്ലാം ചെയ്തുവെച്ചാല്‍ ഓണസദ്യ ഗംഭീരമാക്കാം. എന്തെല്ലാം കാര്യങ്ങളാണ് ഓണസദ്യയുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ടതെന്നു വിശദീകരിക്കുകയാണ് കുക്കിങ് ഫാക്ടറി ബൈ ഡോണ എന്ന യുട്യൂബ് ചാനലില്‍.

ഓണസദ്യയ്ക്കായി പുറത്തു നിന്നും വാങ്ങുന്ന പച്ചക്കറികള്‍ നല്ല വൃത്തിയായി കഴുകി വയ്ക്കണം. ഓരോ പച്ചക്കറികളും പ്രത്യേകം കഴികി തരംതിരിച്ചു വയ്ക്കുക. പച്ചക്കറികളുടെ കൂട്ടത്തില്‍ കാബേജ് ഉണ്ടെങ്കില്‍ അല്‍പം കൂടുതല്‍ സമയം കാബേജ് വെള്ളത്തില്‍ ഇട്ടു വയ്ക്കാന്‍ ശ്രദ്ധിക്കണം. കാരണം കാരണം മറ്റ് പച്ചക്കറികളിലുള്ളതിനെക്കാള്‍ അധികമായി വിഷാംശം കാബേജില്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.

Read more: കാഴ്ചയില്‍ കൊഴിഞ്ഞ ഒരു ഇല; പക്ഷെ നിമിഷങ്ങള്‍ക്കുള്ളില്‍ മനോഹരമായ ഒരു ചിത്രശലഭം: അപൂര്‍വ്വകാഴ്ച

കഴുകി വൃത്തിയാക്കിയ പച്ചക്കറികളിലെ വെള്ളം നല്ലതുപോലെ വലിഞ്ഞ ശേഷം വേണം ഫ്രിഡ്ജില്‍ വെച്ച് സൂക്ഷിക്കാന്‍. ജലാംശം ഉണ്ടെങ്കില്‍ പച്ചക്കറികള്‍ വേഗത്തില്‍ ചീത്തയായി പോകും. കഴുകിയ ശേഷം പച്ചക്കറികള്‍ ഒരു ടവല്‍ ഉപയോഗിച്ച് തുടച്ച് എടുത്താല്‍ ജലാംശത്തെ വളരെ എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സാധിക്കുന്നു. മുറിച്ച് കിട്ടുന്ന പച്ചക്കറികള്‍ ആണെങ്കില്‍ അവ നേരത്തെ തന്നെ അരിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് ഉത്തമം.

അതുപോലതന്നെ ഓണവിഭവങ്ങളില്‍ പലതിലും ചേന ആവശ്യമാണ്. എന്നാല്‍ ചേന ചെത്തുമ്പോള്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നതിനാല്‍ ചിലരെങ്കിലും ചേനയെ സദ്യയില്‍ നിന്നും മാറ്റി നിര്‍ത്തുന്നു. വെള്ളത്തിലിട്ടുകൊണ്ട് ചേന ചെത്തിയാല്‍ കൈ ചൊറിയില്ല. അതുകൊണ്ടുതന്നെ വളരെ എളുപ്പത്തില്‍ ചേനയും കഷ്ണങ്ങളായി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഓണ സദ്യ തയാറാക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ മുന്നേ ഇത്തരത്തില്‍ പച്ചക്കറികള്‍ എല്ലാം സജ്ജമാക്കി വയ്ക്കുന്നത് പലതരത്തിലും സഹായകരമാണ്.

Story highlights: How to wash and store vegetables