‘കെ ജി എഫ്’ രണ്ടാം ഭാഗം ചിത്രീകരണം പുനഃരാരംഭിക്കുന്നു- ഷൂട്ടിംഗ് സെറ്റിൽ മെഡിക്കൽ ടീമും ഭാഗമാകും
2019ൽ ഏറ്റവുമധികം ഇന്ത്യക്കാർ കണ്ട സിനിമയെന്ന ഖ്യാതി നേടിയ കന്നഡ ചിത്രമായിരുന്നു കെ ജി എഫ്. സ്വർണ ഖനികളുടെ കഥ പറഞ്ഞ ചിത്രത്തിലൂടെ നായകൻ യാഷ് ദേശീയ ശ്രദ്ധയും നേടി. ബോക്സ്ഓഫീസിൽ വമ്പൻ വിജയമായ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നുവെന്ന വാർത്തയും ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോൾ സർക്കാർ നിർദേശങ്ങൾ പാലിച്ച് രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് പുനഃരാരംഭിച്ചിരിക്കുകയാണ്.
ആറുമാസങ്ങൾക്ക് മുൻപായിരുന്നു ചിത്രീകരണം തുടങ്ങിയത്. എന്നാൽ കൊവിഡ് പ്രതിസന്ധി കാരണം ഷൂട്ടിംഗ് നീളുകയായിരുന്നു. കിച്ച സുദീപ് നായകനായ ഫാന്റമാണ് ലോക്ക് ഡൗണിന് ശേഷം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചിത്രീകരിച്ച ആദ്യ ചിത്രം. അതെ മാതൃകയിൽ ചിത്രീകരണം തുടരാനാണ് കെ ജി എഫ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.
ബംഗളൂരുവിലെ സ്റ്റുഡിയോയിൽ ഷൂട്ടിംഗ് പുനരാരംഭിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രകാശ് രാജ്, നടി മാളവിക അവിനാശ് എന്നിവരുടെ രംഗങ്ങളാണ് ചിത്രീകരിക്കുന്നതെന്നും വിവരങ്ങളുണ്ട്. ഷൂട്ടിംഗ് സെറ്റിൽ ഒരു ഡോക്ടറെയും രണ്ടു നഴ്സ്മാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഷൂട്ടിംഗ് കഴിയും വരെ ആരെയും സെറ്റിൽ നിന്നും യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും ഇനി കേവലം 15 ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് ബാക്കിയുള്ളതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Story highlights- k g f chapter 2 shooting restarted