നെറ്റ്ഫ്ലിക്സ് അമേരിക്ക നേരിട്ട് നിർമിക്കുന്ന ചിത്രത്തിൽ വേഷമിട്ട് കാളിദാസ്; ആമസോണിലേക്ക് ചുവടുവച്ച് ജയറാം
അഭിനേതാക്കൾ വെബ് സീരീസുകളിലേക്ക് ചുവടുമാറിയിരിക്കുകയാണ്. തിയേറ്റർ പ്രതിസന്ധിക്ക് മുൻപ് തന്നെ ലോകമെമ്പാടുമുള്ള കാഴ്ചക്കാരിലേക്ക് എളുപ്പത്തിൽ എത്താനുള്ള മാർഗം എന്ന രീതിയിൽ വെബ് സീരിസിനെ സമീപിച്ച ഒട്ടേറെ താരങ്ങളുണ്ട്. മലയാളത്തിൽ നിന്നും കാളിദാസ് ജയറാമും വെബ് ഓടിടി പ്ലാറ്റ്ഫോമുകളിൽ സജീവമാകുകയാണ്.
ആമസോണിന് വേണ്ടിയും നെറ്റ്ഫ്ലിക്സിന് വേണ്ടിയും ഓരോ ചിത്രത്തിൽ കാളിദാസ് വേഷമിട്ടു കഴിഞ്ഞു. സുധ കൊങ്ങര ആമസോണിന് വേണ്ടി സംവിധാനം ചെയ്ത ചിത്രത്തിലാണ് കാളിദാസ് അഭിനയിച്ചത്. ജയറാമും ചിത്രത്തിൽ കാളിദാസിനൊപ്പം അഭിനയിച്ചിട്ടുണ്ട്. കല്യാണിയും കാളിദാസുമാണ് ആമസോൺ ചിത്രത്തിലെ നായികാനായകന്മാർ. ജയറാമിനൊപ്പം ഉർവശിയും ഈ ചിത്രത്തിൽ വേഷമിടുന്നു. ഇരുവരും അതിഥി വേഷത്തിലാണ് എത്തുന്നത്.
അതേസമയം, നെറ്റ്ഫ്ലിക്സ് അമേരിക്ക നേരിട്ട് നിർമിക്കുന്ന ചിത്രത്തിലും കാളിദാസ് വേഷമിട്ടു. സുധ കൊങ്ങര തന്നെയാണ് നെറ്റ്ഫ്ലിക്സ് ചിത്രവും ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ നിന്നും ആദ്യമായാണ് ഒരു നടൻ നെറ്റ്ഫ്ലിക്സ് അമേരിക്ക നേരിട്ട് നിർമിക്കുന്ന ചിത്രത്തിൽ അഭിനയിക്കുന്നത്.
ഒരു അഭിമുഖത്തിലാണ് ജയറാമും കാളിദാസും പുതിയ ചിത്രങ്ങളെ കുറിച്ച് വ്യക്തമാക്കിയത്. ലോക്ക് ഡൗണിനു ശേഷം ആരും വീടിനു പുറത്തേക്ക് പോയിട്ടില്ലെന്നും ചില പരസ്യ ചിത്രങ്ങളിലും ആമസോൺ ചിത്രത്തിലും മാത്രമാണ് വേഷമിട്ടതെന്നും ജയറാം പറയുന്നു.
സത്യൻ അന്തിക്കാട് ചിത്രമായ കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെയാണ് കാളിദാസ് സിനിമാ ലോകത്തേക്ക് എത്തുന്നത്. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലനടനുള്ള സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ കാളിദാസ് സ്വന്തമാക്കി. പൂമരം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ നായകനായി എത്തിയത്.