ബിലാൽ ലുക്കിൽ മമ്മൂട്ടി, ദൃശ്യം ലുക്കിൽ മോഹൻലാൽ; ചോക്ലേറ്റ് ഹീറോയായി കുഞ്ചാക്കോ ബോബൻ

കഴിഞ്ഞ ദിവസം മമ്മൂട്ടി പങ്കുവെച്ച വർക്ക്ഔട്ട് ചിത്രങ്ങൾ വളരെ പെട്ടെന്നാണ് ശ്രദ്ധ നേടിയത്. 68 വയസുകാരനായ മമ്മൂട്ടി കൂടുതൽ ചെറുപ്പമായതായാണ് ചിത്രങ്ങൾക്ക് വന്ന കമന്റുകൾ. ലോക്ക് ഡൗൺ സമയത്ത് ശരീര പരിപാലനത്തിനാണ് മമ്മൂട്ടി പ്രാധാന്യം നൽകിയത്. ബിലാൽ എന്ന ചിത്രമാണ് ഇനി മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങാനുള്ളത്. ചിത്രത്തിന് വേണ്ടിയുള്ള ലുക്കിലാണ് മമ്മൂട്ടിയപ്പോൾ.
മമ്മൂട്ടിയുടെ ചിത്രത്തിന് പിന്നാലെയാണ് മോഹൻലാലിൻറെ ദൃശ്യം 2 ലുക്ക് എത്തിയത്. ലോക്ക് ഡൗൺ സമയത്ത് താടി നീട്ടി വളർത്തിയിരുന്ന മോഹൻലാൽ ദൃശ്യത്തിനായി താടി പൂർണമായും നീക്കം ചെയ്തു. അടുത്തകാലത്ത് മോഹൻലാലിനെ താടിയില്ലാത്ത ലുക്കിൽ പ്രേക്ഷകർ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ പുതിയ ലുക്ക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ‘റാം’ എന്ന ജീത്തു ജോസഫ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കവെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ചിത്രത്തിലും താടിയുള്ള ലുക്കിലാണ് മോഹൻലാൽ എത്തുന്നത്. വിദേശത്ത് ചിത്രീകരണം തുടരേണ്ടിയതിനാൽ ‘റാം’ തൽക്കാലത്തേക്ക് അവസാനിപ്പിച്ച് ‘ദൃശ്യം 2’ വിലേക്ക് ജീത്തു ജോസഫ് കടക്കുകയായിരുന്നു.

മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ചെറുപ്പത്തിന്റെ ചുറുചുറുക്കുള്ള ചിത്രവുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. 43 വയസുകാരനായ കുഞ്ചാക്കോ ബോബൻ ഇന്നും മലയാളികൾക്ക് ചോക്ലേറ്റ് ഹീറോയാണ്. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് എത്തിയ കുഞ്ചാക്കോ ബോബൻ അന്നും ഇന്നും ഒരുപോലെ യുവത്വം കാത്തുസൂക്ഷിക്കുന്ന നടനാണ്. ലോക്ക് ഡൗണിൽ വർക്ക്ഔട്ടിനാണ് കുഞ്ചാക്കോ ബോബനും പ്രാധാന്യം നൽകിയത്.
Story highlights- Latest looks of film stars