അഭിമാനമായി വിവേക്; റഫാൽ യുദ്ധവിമാനം ഇന്ത്യൻ മണ്ണിലേക്ക് എത്തിച്ച മലയാളി വിങ് കമാൻഡർക്ക് മമ്മൂട്ടിയുടെ അഭിനന്ദനം
ഇന്ത്യൻ മണ്ണിലേക്ക് റഫാൽ പറന്നിറങ്ങിയപ്പോൾ കേരളത്തിനും അഭിമാനിക്കാൻ വകയുണ്ട്. ഫ്രാൻസിൽ നിന്നും ഇന്ത്യയിലേക്ക് റഫാൽ യുദ്ധവിമാനമെത്തിച്ച പൈലറ്റുമാരിൽ ഒരാൾ മലയാളിയായിരുന്നു. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ വിങ് കമാൻഡർ വിവേക് വിക്രം ഇന്ന് മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ്.
കടൽ കടന്ന് 7000 കിലോമീറ്റർ താണ്ടി ഇന്ത്യൻ മണ്ണിലേക്ക് റഫാൽ എത്തുന്നതുവരെ ആരൊക്കെയാണ് പൈലറ്റുമാർ എന്നതിനെക്കുറിച്ച് വ്യക്തതയുണ്ടായിരുന്നില്ല. ഒരു മലയാളി വിങ് കമാൻഡർ ഉണ്ടെന്ന റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും അത് വിവേക് വിക്രമാണെന്ന് അറിഞ്ഞതോടെ കാത്തിരിപ്പിന് അവസാനമായി. ഇപ്പോൾ നടൻ മമ്മൂട്ടിയും വിവേക് വിക്രത്തിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.
‘അഭിമാന നിമിഷം’ എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. ഇന്ത്യൻ വ്യോമസേന വാങ്ങിയ ഫ്രഞ്ച് റഫാൽ യുദ്ധവിമാനങ്ങളിൽ ആദ്യ അഞ്ചു വിമാനങ്ങളാണ് അംബാല എയർബേസിൽ വിവേക് വിക്രമടങ്ങുന്ന ഏഴ് ഇന്ത്യൻ പൈലറ്റുമാർ എത്തിച്ചത്. ഇന്ത്യൻ വ്യോമസേനയുടെ സ്പെഷ്യൽ ലോങ്ങ് ഹാൾ പരിശീലനത്തോടൊപ്പം ഫ്രാൻസിൽ റഫാൽ വിമാന പരിശീലനവും ഇവർക്ക് ലഭിച്ചിരുന്നു.
36 യുദ്ധവിമാനങ്ങളുടെ കരാറാണ് ഇന്ത്യൻ വ്യോമസേന ഒപ്പുവെച്ചിട്ടുള്ളത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒരു വിമാനത്തിൽ 70 വെന്റിലേറ്ററുകളും 1,00,000 ടെസ്റ്റ് കിറ്റുകളും 10 ആരോഗ്യ വിദഗ്ധരുടെ സംഘവും ഇന്ത്യയിലേക്ക് എത്തിയിരുന്നു.
Story highlights-mammootty appreciating wing commander vivek vikram