മലയാളത്തിലെ ആദ്യ സൂപ്പർഹീറോയുടെ രൂപം കാണാൻ പ്രേക്ഷകരുടെ കാത്തിരിപ്പ്; മിന്നൽ മുരളി ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉടൻ

August 24, 2020

ഹോളിവുഡ്, ബോളിവുഡ് സിനിമകളിൽ മാത്രം കണ്ടിട്ടുള്ള സൂപ്പർ ഹീറോ കഥാപാത്രങ്ങൾ അമ്പരപ്പോടെ കണ്ടിട്ടുള്ള മലയാളികൾക്ക് മുന്നിലേക്ക് മിന്നൽ മുരളിയായി എത്തുകയാണ് ടൊവിനോ തോമസ്. ഗോദ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ്- ടൊവിനോ തോമസ് കൂട്ടുകെട്ട് ഒന്നിക്കുന്ന മിന്നൽ മുരളിയിൽ സൂപ്പർ ഹീറോയായാണ് താരം എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായിരിക്കുകയാണ്. ഇതുവരെ ചിത്രത്തിൽ മിന്നൽ മുരളിയുടെ രൂപമെന്താണെന്ന് അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ആഗസ്റ്റ് 25ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് മിന്നൽ മുരളി ടീം.

ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്. വിവിധ ഭാഷകളിലെ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ ഗുരു സോമസുന്ദരവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത്. സമീർ താഹിറാണ് ക്യാമറ. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് ഷാൻ റഹ്‌മാനാണ്. ടൊവിനോയ്ക്കും ഗുരു സോമസുന്ദരത്തിനും പുറമെ അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

വി എഫ് എക്‌സിനും സംഘട്ടനങ്ങൾക്കും വലിയ പ്രാധാന്യമുള്ള ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ എന്നെ ചിത്രങ്ങളിൽ പ്രവർത്തിച്ച  വ്ലാഡ് റിംബർഗാണ് ഒരുക്കുന്നത്.

Read More: വീട്ടിലെ പുതിയ അതിഥിയുടെ ആദ്യചിത്രം പങ്കുവെച്ച് കൈലാസ് മേനോൻ

അതേസമയം, ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്’.കൊവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ്.

Story highlights- minnal murali first look poster on august 25