ഇതാണ് മോഹൻലാലിൻറെ ലോക്ക് ഡൗൺ ലുക്ക്- പുതിയ രൂപത്തിൽ പ്രിയതാരം
ലോക്ക് ഡൗൺ കാലം സിനിമാ താരങ്ങൾക്ക് ലുക്കിൽ ചില മാറ്റങ്ങൾ വരുത്താനുള്ള സമയം കൂടിയായിരുന്നു. കാരണം, സിനിമ ചിത്രീകരണങ്ങളില്ലാതെ, റിലീസ് തിരക്കുകളില്ലാതെ കുടുംബത്തിനൊപ്പം ചിലവഴിക്കാൻ ലഭിച്ച സമയം ഏറെക്കാലമായി മാറ്റിവെച്ച പല കാര്യങ്ങളിലേക്കുമുള്ള തിരനോട്ടം കൂടിയായിരുന്നു. ലോക്ക് ഡൗൺ കാലം മുഴുവൻ ചെന്നൈയിലെ വീട്ടിൽ കുടുംബത്തിനൊപ്പം കഴിഞ്ഞ മോഹൻലാൽ, നാട്ടിലേക്കുള്ള വരവിൽ പുത്തൻ ലുക്കിലാണ്.
കൊച്ചിയിൽ താമസിക്കുന്ന അമ്മയെ കാണാനാണ് നാലുമാസങ്ങൾക്ക് ശേഷം മോഹൻലാൽ കേരളത്തിലേക്ക് എത്തിയത്. പതിനാല് ദിവസം കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ ക്വാറന്റീനിൽ കഴിഞ്ഞതിനു ശേഷമാണ് മോഹൻലാൽ അമ്മയെ കാണാൻ വീട്ടിലേക്ക് പോകുന്നത്. അതിനിടയിലാണ് താടി നീട്ടിവളർത്തിയ മോഹൻലാലിന്റെ പുത്തൻ ലുക്ക് ആരാധകർ ഏറ്റെടുത്തത്.
കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാണ് മോഹൻലാൽ ക്വാറന്റീൻ പൂർത്തിയാക്കിയത്. ഇപ്പോൾ ഒരു ഓണം സ്പെഷ്യൽ പരിപാടിയുടെ റിഹേഴ്സലിലാണ് താരം. അതിനിടയിൽ പകർത്തിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഡ്രൈവർക്കൊപ്പം സ്വകാര്യ വാഹനത്തിലാണ് മോഹൻലാൽ കേരളത്തിൽ എത്തിയത്. അന്യ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്നവർ സർക്കാർ നിർദേശ പ്രകാരമുള്ള പതിനാലു ദിവസം ക്വാറന്റീനിൽ കഴിയണം.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘റാം’ സിനിമയുടെ ലൊക്കേഷനിൽ നിന്നും റിയാലിറ്റി ഷോ ഷൂട്ടിങ്ങിനായി ചെന്നൈയിൽ എത്തിയപ്പോഴായിരുന്നു ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഭാര്യ സുചിത്ര, മകൻ പ്രണവ് എന്നിവരും മോഹൻലാലിനൊപ്പം ചെന്നൈയിലെ വീട്ടിലാണ് ലോക്ക് ഡൗൺ ദിനങ്ങൾ ചിലവിട്ടത്.
മോഹൻലാലിന്റേയും സുചിത്രയുടെയും വിവാഹ വാർഷികവും എല്ലാവരുടെയും ജന്മദിനങ്ങളുമെല്ലാം ചെന്നൈയിലെ വീട്ടിലാണ് ആഘോഷമാക്കിയത്. കടലിനോട് അഭിമുഖമായിരിക്കുന്ന വീട്ടിൽ നിന്നും പ്രണവിനെയും വളർത്തുനായയെയും മോഡലാക്കി നിരവധി ചിത്രങ്ങൾ മോഹൻലാൽ പകർത്തിയത് ശ്രദ്ധേയമായിരുന്നു. നാൽപത് വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ ആദ്യമായാണ് മോഹൻലാൽ ഇത്രയധികം ദിനങ്ങൾ കുടുംബത്തോടൊപ്പം കഴിയുന്നത്. നാട്ടിൽ മടങ്ങിയെത്തിയാലും സിനിമാ ചിത്രീകരണങ്ങളിലേക്ക് മോഹൻലാൽ ഉടൻ പങ്കെടുക്കില്ല.
Story highlights-mohanlal new look