അഞ്ചാം ക്ലാസ് വരെ മാതൃഭാഷയിൽ പഠനം; പുതിയ ദേശീയ വിദ്യാഭ്യാസ നയം കൊണ്ടുവരുന്ന മാറ്റങ്ങൾ അറിയാം
34 വർഷങ്ങൾക്ക് ശേഷം വിദ്യാഭ്യാസ മേഖലയിൽ കാതലായ മാറ്റങ്ങൾ വരുത്തുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. മുൻ ഐ എസ് ആർ ഓ ചെയർമാൻ കെ കസ്തൂരിരംഗന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് കൂടുതൽ അറിയാം.
10+2 രീതിയിലായിരുന്നു ഇതുവരെ രാജ്യത്ത് പൊതുവിദ്യാഭ്യാസം നടന്നത്. ഇനി അത് 5+3+3+4 എന്ന രീതിയിലാണ്. 5 വരെ പ്രീസ്കൂൾ, 6 മുതൽ 8 വരെ മിഡ്സ്കൂൾ, 8 മുതൽ 11 വരെ ഹൈസ്കൂൾ, 12 ഒഴിവാക്കി. അതിനു പകരം ബിരുദം 4 വർഷത്തേക്കാക്കി. എല്ലാബിരുദങ്ങളും ഇനിമുതൽ 4 വർഷമായിരിക്കും. ആറാം ക്ലാസ് മുതൽ തൊഴിൽപഠനം ആരംഭിക്കാം.8 മുതൽ 11 വരെ ഐച്ഛികവിഷയങ്ങൾ തിരഞ്ഞെടുക്കാം. അഞ്ചാം ക്ലാസ് വരെ മാതൃഭാഷയിലാണ് പഠനം.
എല്ലാബിരുദങ്ങൾക്കും മുഖ്യവിഷയവും ഉപവിഷയവും ഉണ്ടാകും. ഉദാഹരണമായി സയൻസ് ബിരുദം പഠിക്കുന്നയാൾക്ക് ഫിസിക്സ് മുഖ്യവിഷയവും സംഗീതം ഉപവിഷയവുമായി പഠിക്കാം. എല്ലാ സ്കൂൾ പരീക്ഷകളും സെമസ്റ്റർ ആയി വർഷത്തിൽ രണ്ടുതവണ മാത്രമാക്കും.
എല്ലാ ഉന്നതപഠനവും ഒറ്റ അതോറിറ്റിയുടെ കീഴിലാക്കും. യുജിസിയും എഐസിടിഇയും ലയിപ്പിക്കും.എല്ലാ സർവ്വകലാശാലകൾക്കും സ്വകാര്യസ്ഥാപനങ്ങൾക്കും കല്പിതസർവ്വകലാശാലകൾക്കും ഒരേ ഗ്രേഡിംഗും നിയമാവലികളും ആയിരിക്കും.
രാജ്യത്തെ എല്ലാത്തരം അധ്യാപകർക്കും ഏകീകൃത ട്രെയിനിംഗ് ബോർഡ് നിലവിൽ വരും. സംസ്ഥാനങ്ങൾക്ക് ഇതിൽ മാറ്റം വരുത്താനാകില്ല.എല്ലാ കോളേജുകൾക്കും സമാന തലങ്ങളിലുളള അക്രഡിറ്റേഷൻ രീതി നടപ്പാക്കും. ഇനിമുതൽ ബിരുദതലത്തിൽ ഓരോ വർഷം പഠിക്കുന്നതിനും നിശ്ചിതക്രെഡിറ്റും അതിനുളള സർട്ടിഫിക്കറ്റും നല്കും. ഇടയ്ക്ക് വച്ച് പഠനം നിർത്തിയിട്ട് ജോലിക്കോ മറ്റോ പോകുന്നവർക്ക് പിന്നീട് വന്ന് പഠനം പൂർത്തിയാക്കാം.
ബിരുദത്തിന് 1 വർഷം പൂർത്തിയാക്കിയാൽ സർട്ടിഫിക്കറ്റും, രണ്ട് വർഷം പൂർത്തിയാക്കിയാൽ അഡ്വാൻസ്ഡ് ഡിപ്ലോമയും നാലുവർഷം പൂർത്തിയാക്കിയാൽ ബിരുദവും നല്കും. കോഴ്സ് ഇടയ്ക്ക് വച്ച് നിർത്തുന്നവർക്ക് അതുവരെയുളള സർട്ടിഫിക്കറ്റ് ലഭിക്കും. അതുപയോഗിച്ച് തൊഴിൽ തേടാം. പിന്നീട് പഠനം തുടരണമെങ്കിൽ തുടരാം. വിവിധ ബിരുദകോഴ്സുകളുടെ നിയന്ത്രണം ഒറ്റ അതോറിറ്റിയുടെ കീഴിലാകും.
Story highlights-national education policy