മലയാളത്തിന് ഇത് അഭിമാന നിമിഷം; ‘മൂത്തോനെ’ പ്രശംസിച്ച് ഇന്ത്യൻ സിനിമ ലോകം
അവാർഡ് വേദികളിൽ ഒരിക്കൽ കൂടി തിളങ്ങി മലയാളത്തിന് അഭിമാനമായി മൂത്തോൻ. ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയ്ക്ക് അഭിമാനമായി മൂന്ന് അവാർഡുകൾ നേടിയിരിക്കുകയാണ് ഗീതു മോഹൻദാസ് ചിത്രം മൂത്തോൻ. മികച്ച നടൻ, മികച്ച ബാലതാരം, മികച്ച ചിത്രം എന്നിങ്ങനെയുള്ള അവാർഡുകളാണ് മൂത്തോനെ തേടിയെത്തിയത്. മികച്ച നടനായി മലയാളി താരം നിവിൻ പോളിയും മികച്ച ബാലതാരമായി സഞ്ജന ദീപുവും ഈ ചിത്രത്തിലെ അഭിനയത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ടു.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ സ്ട്രീമിങ് വഴിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഓൺലൈനായി നടത്തിയ മേളയിൽ 14 ഭാഷകളിൽ നിന്നായി 40 സിനിമകളും നാല് ഡോക്യുമെന്ററികളും 30 ഹ്രസ്വചിത്രങ്ങളുമാണ് പ്രദർശിപ്പിച്ചത്. ജൂലൈ 24 മുതൽ ഓഗസ്റ്റ് 2വരെയായിരുന്നു മേള സംഘടിപ്പിച്ചത്. അതേസമയം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് റൺ കല്യാണി എന്ന ചിത്രത്തിലെ അഭിനയത്തിന് ഗാർഗി ആനന്തത്താണ്. മികച്ച സംവിധായകൻ അചൽ മിശ്രയാണ്. ചിത്രം ഗമക്ഖർ.
പലരും തുറന്നു പറയാൻ മടിക്കുന്ന സ്വവർഗ പ്രണയത്തിന്റെ ആഴവും പരപ്പും തുറന്നുപറഞ്ഞ ചിത്രമാണ് മൂത്തോൻ. നിവിൻ പോളി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് മലയാളികളുടെ പ്രിയതാരം ഗീതു മോഹൻദാസാണ്. മുംബൈയില്‍ വെച്ചു നടന്ന ജിയോ മാമി ഫിലിം ഫെസ്റ്റിവലിലും ‘മൂത്തോന്‍’ നിറഞ്ഞ കൈയടി നേടിയിരുന്നു. ഗീതു മോഹന്‍ദാസാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ടൊറന്റോ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലില്‍ സ്‌പെഷ്യല്‍ പ്രെസന്റേഷന്‍ നിരയില്‍ പ്രദര്‍ശിപ്പിച്ചപ്പോഴും മികച്ച പ്രതികരണമാണ് ‘മൂത്തോന്‍’ എന്ന ചിത്രത്തിന് ലഭിച്ചത്.
ലക്ഷദ്വീപില്‍ നിന്നും തന്റെ ചേട്ടനെ തിരഞ്ഞ് മുംബൈയിലേക്ക് പോകുന്ന ഒരു ബാലന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. മലയാളത്തിലും ഹിന്ദിയിലുമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലക്ഷദ്വീപിലും മുംബൈയിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം.‘മൂത്തോന്‍’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രാജീവ് രവിയാണ്. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയാണ് അനുരാഗ് കശ്യപ്. ബി. അജിത്കുമാര്‍, കിരണ്‍ ദാസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. അനുരാഗ് കശ്യപ്, വിനോദ് കുമാര്‍, അജയ് ജി റായ്, അലന്‍ മാക്അലക്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
നിരൂപക പ്രശംസ നേടിയ ‘ലയേഴ്‌സ് ഡൈസ്’ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ‘മൂത്തോന്‍’.
Story Highlights: new-york-india-film-festival awards