കരിപ്പൂർ വിമാനാപകടം; രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണം: ആരോഗ്യമന്ത്രി
കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നലെ ഉണ്ടായ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. ഇന്നലെ രാത്രി അപ്രതീക്ഷിതമായി ഉണ്ടായ വിമാനാപകടത്തിൽപെട്ടവരെ രക്ഷിക്കുന്നതിനായി കൊവിഡിനെയോ മഴയെയോ വകവയ്ക്കാതെ നിരവധിപ്പേരാണ് സഹായ ഹസ്തവുമായി എത്തിയത്. അതേസമയം ഗൾഫിൽ നിന്ന് വന്നവരിൽ കൊവിഡ് രോഗബാധിതർ ഉണ്ടെങ്കിൽ സ്ഥിതി സങ്കീർണമാകും അതിനാൽ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായവർ സ്വമേധയാ ക്വാറന്റീനിൽ പോകണമെന്നും, കൊവിഡ് പരിശാധനയ്ക്ക് വിധേയരാകാമെന്നും മന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ച് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ജില്ലാ മെഡിക്കൽ ഓഫിസിലെ കണ്ട്രോൾ സെല്ലുമായി ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസറും അറിയിച്ചിട്ടുണ്ട്.
കണ്ട്രോൾ സെൽ നമ്പറുകൾ 04832733251,3252,3253, 2737857
ഇന്നലെ രാത്രി 7.45 ഓടെയായിരുന്നു കരിപ്പൂർ വിമാനത്താവളത്തിൽ അപകടം സംഭവിച്ചത്. വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്നും തെന്നിമാറിയാണ് അപകടം ഉണ്ടായത്. ദുബായ്- കോഴിക്കോട് 1344 എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇതുവരെ 19 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധിപ്പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ ചിലരുടെ നില അതീവ ഗുരുതരമാണ്.
അതേസമയം ജീവൻ ത്യാഗം ചെയ്തുകൊണ്ട് വിമാന ദുരന്തത്തിന്റെ വ്യാപ്തി കുറച്ച പൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത് സാഥെയെ അനുസ്മരിച്ചുകൊണ്ട് നിരവധിപ്പേർ എത്തി. ഒരുപക്ഷെ ഇതൊരു അഗ്നി ഗോളുമായി മാറിയേനെ എന്നാൽ അങ്ങെയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു അഗ്നി ഗോളമായില്ല എന്നാണ് മിക്കവരും സമൂഹമാധ്യമങ്ങളിൽ കുറിയ്ക്കുന്നത്.
Story Highlights:people-participated-in-rescue-process-should-undergo-covid-test