കരിപ്പൂർ വിമാനദുരന്തം; വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി: മുഖ്യമന്ത്രി

August 8, 2020

കേരളത്തെ ഞെട്ടിച്ച കരിപ്പൂർ വിമാനദുരന്തം, വെള്ളപൊക്കം തുടങ്ങിയ വാർത്തകളുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച് മുന്നറിയിപ്പ് ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി പങ്കുവെച്ചത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

‘ദുരന്ത മുഖത്ത് നമ്മൾ പങ്കുവെക്കുന്ന ഓരോ വാർത്തകൾക്കും വലിയ വിലയുണ്ട്. ഓർക്കുക തെറ്റായ വാർത്തകൾ ദുരന്തത്തെ കൂടുതൽ വലുതാക്കാം.

കരിപ്പൂർ വിമാന അപകടം, വെള്ളപ്പൊക്കം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ശരിയായതും ഔദ്യോഗിക സ്രോതസ്സിൽ നിന്നുള്ളതുമായ വാർത്തകൾ മാത്രം പങ്കുവെക്കുക. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും’ എന്നും മുഖ്യമന്ത്രി കുറിച്ചു.

ഇന്നലെ രാത്രി 7.45 ഓടെയായിരുന്നു കരിപ്പൂർ വിമാനത്താവളത്തിൽ വിമാനാപകടം സംഭവിച്ചത്. വിമാനം ലാൻഡ് ചെയ്യുന്നതിനിടെയാണ് വിമാനം റൺവേയിൽ നിന്നും തെന്നിമാറിയത്. അപകടത്തിൽ 19 പേർ മരിച്ചു എന്നാണ് അവസാനം കിട്ടിയ റിപ്പോർട്ട്.

Story Highlights: Pinarayi Vijayan facebook post on fake news