പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു

November 16, 2022

ഭൗമശാസ്ത്ര മഹാത്ഭുതമായ പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാനുള്ള പദ്ധതി മുഖ്യമന്ത്രിക്കു മുന്നിൽ അത്താച്ചി ഗ്രൂപ്പ് അവതരിപ്പിച്ചു. ഹിമാലയത്തെക്കാളും പതിറ്റാണ്ടുകൾ പ്രായമുള്ളതും ലോകത്തിന്റെ എട്ടു ബയോളജിക്കൽ ഹോട്ട് സ്പോട്ടുകളിൽ ഒന്നുമായ 1400 കിലോമീറ്റർ നീളമുള്ള പശ്ചിമ ഘട്ട മലനിരകളിലാണ് 41 കിലോമീറ്റർ നീളമുള്ള പാലക്കാട് ചുരം സ്ഥിതി ചെയ്യുന്നത്​. പാലക്കാട് ചുരം എങ്ങനെ ഉണ്ടായി എന്ന് വിവിധ ഭൗമശാസ്ത്ര സിദ്ധാന്തങ്ങൾ വിശദീകരിക്കുന്നുണ്ട്.

പാലക്കാട് ചുരത്തിലെ മുതലമട മാങ്ങകളാണ് ലോക വിപണികളിൽ ആദ്യം എത്തുന്നത്. ഇവിടെ ഉൽപാദിപ്പിക്കപ്പെടുന്ന മാമ്പഴങ്ങൾക്ക് രാജ്യാന്തര ഇനങ്ങളോട് മത്സരിക്കാവുന്ന രുചി വൈവിധ്യമുണ്ട്. പാലക്കാട് ചുരത്തിന്റെ ഭൗമശാസ്ത്ര പ്രത്യേകതകൾ ഇതിന്റെ പ്രധാനകാരണമാണ്. നെല്ലറകളും പാലക്കാട് വിടവിന്റെ പ്രത്യേകതയിലാണ്. ഈ പ്രദേശത്ത് കാറ്റിന്റെ പ്രതിരോധത്താൽ കീടങ്ങൾക്ക് വാഴാനാകില്ല. ചൂടിന്റെ മേന്മ വിളയുന്നതിലും പാകമാകുന്നതിലുമുണ്ട്. ഇവിടെയുണ്ടാകുന്ന മഞ്ഞളിൽ കുർക്കുമിൻ അളവ് ലോകോത്തരമാണ്- മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ വിടവിന്റെ പ്രത്യേകതകൾ അത്താച്ചി ഗ്രൂപ്പ് ചെയർമാൻ രാജു സുബ്രഹ്‌മണ്യൻ ചൂണ്ടിക്കാട്ടി. പാലക്കാട് ചുരത്തിന്റെ മഹാശേഷി ലോകത്തിനു മുന്നിൽ എത്തിക്കുവാനുള്ള വിവിധ പദ്ധതികൾ അത്താച്ചിയുടെ ട്രസ്റ്റ് നേച്ചർ ഇൻഷ്യേറ്റീവിന്റെ ഭാഗമായി ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ പിന്തുണയും അഭ്യർത്ഥിച്ചു.

മോർ ദാൻ ഓർഗാനിക് എന്ന കൃഷിരീതിയിൽ പാലക്കാട് ചുരത്തിൽ അത്താച്ചി കൃഷിയിടം ഒരുക്കി അഞ്ചു വർഷമായി നടത്തുന്ന ഗവേഷണത്തിലെ കണ്ടെത്തലുകളും അത്താച്ചി മുഖ്യമന്ത്രിയെ അറിയിച്ചു. ഈ കൃഷിരീതി കേരളമാകെ വ്യാപിപ്പിക്കാനുള്ള പദ്ധതി അദ്ദേഹത്തിനു മുന്നിൽ അവതരിപ്പിച്ചു. മോർ ദാൻ ഓർഗാനിക് കൃഷിരീതി ലോകമൊട്ടാകെ വ്യാപിപ്പിക്കാനുള്ള പദ്ധതിയും അത്താച്ചി ഗ്രൂപ്പിനുണ്ട്. പാലക്കാട്ടുള്ള മുഴുവൻ കൃഷി ഭൂമിക്കും വിളവുകൾക്കും ലോകവിപണിയിൽ മൂല്യമേറുന്ന അത്താച്ചിയുടെ പദ്ധതികളും സംരംഭങ്ങളും വിശദമായി അവതരിപ്പിച്ചു. വിവിധ ശാഖകളിൽ നിന്നുള്ള ഗവേഷക സംഘത്തെ നിയോഗിച്ച് അത്താച്ചി നടത്തുന്ന പാലക്കാട് ചുരത്തിനെ കുറിച്ചുള്ള വിപുലമായ ഗവേഷണ പഠനത്തിന് സർക്കാരിന്റെ പിന്തുണയും തേടി. കണ്ടെത്തലുകൾ സർക്കാരിനും പൊതുജനങ്ങൾക്കും സമർപ്പിക്കുമെന്ന് രാജു സുബ്രഹ്‌മണ്യൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനുമായി അത്താച്ചി ഗ്രൂപ്പ് ചെയർമാൻ രാജു സുബ്രഹ്മണ്യൻ കൂടിക്കാഴ്ച നടത്തുന്നു. മന്ത്രി പി. രാജീവ് സമീപം

പാലക്കാട് കെഎസ്ഐഡിസി വ്യവസായ പാർക്കിൽ അന്താരാഷ്ട്ര വിപണി ലക്ഷ്യമാക്കി കേരള ആയുർവ്വേദത്തിൽ ഊന്നിയ കോസ്മെറ്റിക് ഉൽപന്നങ്ങൾ മോർഗാനിക്സ് എന്ന പേരിൽ അത്താച്ചി പുറത്തിറക്കുന്നുണ്ട്. പാലക്കാട് ചുരത്തിന്റെ പാരിസ്ഥിതിക പ്രത്യേകതകൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന മോർഗാനിക് ഉൽപന്നങ്ങളും മുഖ്യമന്ത്രിക്കു മുന്നിൽ അത്താച്ചി പ്രദർശിപ്പിച്ചു.

വ്യവസായ മന്ത്രി പി.രാജീവ്, അത്താച്ചി ഗ്രൂപ്പ് ചെയർമാൻ രാജു എൻ സുബ്രഹ്‌മണ്യൻ, മാനേജിംഗ് ഡയറക്ടർ ഡോ വിശ്വനാഥ് എൻ സുബ്രഹ്‌മണ്യൻ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ സുന്ദർ എൻ സുബ്രഹ്‌മണ്യൻ, ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ ശങ്കർ എൻ ചൂഡാമണി എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Athachi Group presents proposal before CM Pinarayi Vijayan