‘ട്രിപ്പ് അല്ലല്ലോ മനുഷ്യജീവൻ അല്ലെ വലുത്’; കുഴഞ്ഞുവീണ വിദ്യാര്‍ഥിനിക്ക് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ..!

February 7, 2024

പലകാര്യങ്ങള്‍ക്കും ദിവസവും പഴി കേള്‍ക്കുന്നവരാണ് സ്വകാര്യ ബസ് ജീവനക്കാര്‍. പ്രത്യേകിച്ച് കണ്‍സെഷന്‍ ടിക്കറ്റില്‍ യാത്ര ചെയ്യുന്ന സ്‌കൂള്‍ വിദ്യാര്‍ഥികളോടുള്ള മോശം പെരുമാറ്റം, നിരത്തുകളിലെ മത്സരയോട്ടം, അതിനെചൊല്ലി നടുറോഡിലെ തമ്മിലടി അങ്ങനെ കാരണങ്ങള്‍ നിരവധിയാണ്. അതില്‍ നിന്നും വ്യത്യസ്തമായി സ്വകാര്യ ബസ് ജീവനക്കാരുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുള്ളത്. ( Private bus staff ensures passenger wellbeing at Palakkad )

പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ വണ്ടിത്താവളം റൂട്ടില്‍ ഓടുന്ന ഭഗവതി ബസും ഈ ബസിലെ ജീവനക്കാരുമാണ് ഇപ്പോള്‍ ചര്‍ച്ചവിഷയം. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഈ ഭഗവതി ബസില്‍ യാത്ര ചെയ്യുകയായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനി കുഴഞ്ഞുവീണത്. ബസിന്റെ മുന്‍വശത്ത് ഡ്രൈവറുടെ സീറ്റിന് സമാന്തരമായിട്ടുള്ള സീറ്റിലാണ് കുട്ടികള്‍ ഇരുന്നിരുന്നത്. ഇതിനിടയില്‍ കുഴഞ്ഞുവീണ കുട്ടിയെ എഴുന്നേല്‍പിക്കാന്‍ സഹപാഠികള്‍ ശ്രമം നടത്തുന്നതും ഈ വീഡിയോയില്‍ കാണാനാകും. എന്നാല്‍ ആ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് അതിവേഗത്തില്‍ ഈ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുകയുമായിരുന്നു ഈ ബസിലെ ഡ്രൈവറായ രാമനുണ്ണിയും കണ്ടക്ടര്‍ സുനില്‍ കുമാറും. ആശുപത്രിയിലേക്കുള്ള യാത്രയില്‍ തന്നെ രക്ഷിതാവിനെ കണ്ടെത്തി ഈ പെണ്‍കുട്ടിയെ ഏല്‍പിക്കുകയുമായിരുന്നു.

സ്ഥിരമായി ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥിയാണ് പെട്ടെന്ന് ബോധരഹിതയായത്. കുട്ടിയെ എഴുന്നേല്‍പിക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് ഭയചകിതരായ ബസ് ജീവനക്കാരും യാത്രക്കാരും കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി ബസിലെ യാത്രക്കാരെയെല്ലാം വണ്ടിത്താവളത്ത് ഇറക്കിയ ശേഷമാണ് ബസ് ആശുപത്രിയിലേക്ക് തിരിച്ചത്.

അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആ സമയത്ത് ഡോക്ടറുടെ സേവനം ലഭ്യമായിരുന്നില്ല. ഈ സമയം കൊണ്ട് കുട്ടിയുടെ അമ്മയും അവിടെ എത്തിയിരുന്നു. ഇതോടെ കുട്ടിയെ അടുത്തുള്ള മറ്റൊരു ഡോക്ടറുടെ അടുത്ത് എത്തിക്കുകയായിരുന്നു. ട്രിപ്പിനെക്കാള്‍ ഒരു മനുഷ്യജീവനാണ് വില നല്‍കേണ്ടതെന്നാണ് ബസ് കണ്ടക്ടര്‍ സുനില്‍ കുമാര്‍ പറഞ്ഞത്.

Read Also: ഫുഡ് ഡെലിവറിക്കിടെ വഴിവിളക്കിന് താഴെയിരുന്ന് പഠനം; ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിൽ നിന്നും പോരാടുന്ന അഖിൽ..!

വാഹനത്തില്‍ കൂടെയുണ്ടായിരുന്ന കുട്ടികളാണ് ഈ വീഡിയെടുത്തത്. എന്നാല്‍ ഇക്കാര്യം എല്ലാവരും പറഞ്ഞാണ് അറിഞ്ഞത്. ആശുപത്രിയില്‍ നിന്നും പ്രഥമശുശ്രൂഷയ്ക്ക് ശേഷം പെണ്‍കുട്ടിയും അമ്മയും നന്ദി അറിയിച്ച ശേഷമാണ് മടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story highlights : Private bus staff ensures passenger wellbeing at Palakkad