ഫുഡ് ഡെലിവറിക്കിടെ വഴിവിളക്കിന് താഴെയിരുന്ന് പഠനം; ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിൽ നിന്നും പോരാടുന്ന അഖിൽ..!

February 6, 2024

വ്യത്യസ്ത ജീവിതസാഹചര്യങ്ങളാല്‍ വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിച്ച് മറ്റെന്തെങ്കിലും ജോലിക്ക് പോയി ജീവിതത്തില്‍ ഒന്നുമല്ലാതായി പോകുന്ന ചില മനുഷ്യരുണ്ട്. അങ്ങനെയുള്ളവര്‍ അവരുടെ സ്വപ്‌നങ്ങളെല്ലാം ത്യജിച്ച് മറ്റൊരു ജീവിതസാഹചര്യത്തിലേക്ക് മാറുകയാണ്. എന്നാല്‍ ആ രീതിയില്‍ നിന്നും വ്യത്യസ്തമായി തന്റെ സ്വപ്‌നജോലി നേടിയെടുക്കുന്നതിനായി പരിശ്രമിക്കുന്ന ഒരു യുവാവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. ( Akhil Studying under street light during food delivery )

പാലക്കാട് നെന്‍മാറ സ്വദേശിയായ അഖില്‍ ദാസിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രമുഖരുടെ അടക്കം നിരവധിയാളുകളുടെ പ്രശംസ ഏറ്റുവാങ്ങുന്നത്. ജോലിക്കിടയില്‍ എറണാകുളം മുട്ടാര്‍ പാലത്തില്‍ വഴിവിളക്കിന് താഴെയിരുന്ന് പഠനം നടത്തുന്ന അഖിലിന്റെ ദൃശ്യങ്ങളാണ് എല്ലാവരുടെ മനസ് കീഴടക്കിയത്. സൊമാറ്റോയില്‍ ഡെലിവറി ജോലി ചെയ്യുന്ന അഖിലിന് ജര്‍മനിയില്‍ നഴ്‌സിങ് ജോലിക്ക് പോകുക എന്ന മോഹമാണുള്ളത്. ഇതിനായി ജര്‍മ്മന്‍ ഭാഷ പഠിക്കാന്‍ പോകുന്ന ഈ യുവാവ് ജോലിക്കിടയില്‍ കിട്ടുന്ന ഒഴുവുസമയത്താണ് പഠിക്കാനായി സമയം കണ്ടെത്തുന്നത്.

നസ്‌റുദ്ദീന്‍ എന്ന യുവാവ് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന സമയത്ത് പാലത്തിന് അരികിലിരുന്നു പഠിക്കുന്ന അഖിലിനെ കാണുന്നത്. അങ്ങനെയാണ് വാഹനം നിര്‍ത്തി അഖിലുമായി സംസാരിക്കുന്നതും കാര്യങ്ങള്‍ ചോദിച്ചു മനസലാക്കിയതും. സോഷ്യല്‍ മീഡിയയില്‍ സജീവമായ നസ്‌റുദ്ദീന്‍ ഈ ദൃശ്യങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തതോടെയാണ് അഖിലിനെ പുറംലോകം അറിയുന്നത്. ഈ വീഡിയോ 10 മില്യണിലധികം ആളുകളാണ് കണ്ടിട്ടുള്ളത്.

2018-ല്‍ പ്ലസ് ടു പാസായ അഖിലിന് ജീവിതസാഹചര്യങ്ങളാല്‍ പഠനം തുടരാനായിരുന്നില്ല. ഇതോടെ ചെറിയ ശമ്പളത്തില്‍ വിവിധ ജോലികള്‍ ചെയ്തുകൊണ്ടാണ് ജീവിതം തള്ളിനീക്കിയത്. എന്നാല്‍ തുച്ഛമായ ശമ്പളത്തെ മാത്രം ആശ്രയിച്ചുകൊണ്ടു ജീവിതം മുന്നോട്ടുകാന്‍ കഴിയില്ലെന്ന മനസിലാക്കിയതോടെ മറ്റെന്തെങ്കിലും ജോലി നേടണമെന്നും ഇതിനായി പഠനം അല്ലാതെ മറ്റൊരു വഴിയും ഇല്ലെന്ന് മനസിലാക്കി. ഇതോടയൊണ് വിദേശരാജ്യത്ത് പോയി പഠിച്ച് ജോലി നേടാമെന്ന ആശയത്തിലേക്ക് എത്തുന്നത്. ഇതിന്റെ ആദ്യ പടിയായിട്ടാണ് അഖില്‍ ജര്‍മന്‍ ഭാഷ പഠിക്കാന്‍ ആരംഭിച്ചത്. മോശമായ സാമ്പത്ത്ി അവസ്ഥയിലും അഖില്‍ തന്റെ ജീവിതം തിരികെപിടിക്കാനായി ഇറങ്ങിപ്പുറപ്പെടുകയായിരുന്നു.

Read Also: ഡോർമിറ്ററി മുറിയിൽ നിന്ന് ലോകത്തിൻറെ നെറുകയിൽ വരെ; ഫേസ്ബുക്ക് പിന്നിട്ട 20 വർഷങ്ങൾ!

ഈ പഠന വീഡിയോ വൈറലായതോടെ നിരവധിയാളുകളാണ് സഹായങ്ങളുമായി അഖിലിനെ സമീപിച്ചിട്ടുള്ളത്. ജര്‍മന്‍ ഭാഷ പഠിക്കുന്നതിന് ഉള്‍പ്പെടെ ഭാവിയിലേക്കുള്ള തുടര്‍പഠനചെലവ് ഏറ്റെടുക്കാന്‍ ഒരു സ്ഥാപനം സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതോടൊപ്പം നിരവധിയാളുകളാണ് അഖിലിന് സഹായം വാഗ്ധാനം നല്‍കിയിട്ടുള്ളത്. പ്രതികൂല സാഹചര്യത്തിലും ആത്മസമര്‍പ്പണത്തിലൂടെയും ഇച്ഛാശക്തിയിലുടെയും തന്റെ സ്വപ്‌നം നേടിയെടുക്കാന്‍ ഇറങ്ങിപുറപ്പെട്ട അഖില്‍ നിരവധി യുവാക്കള്‍ക്ക് മാതൃകയാണ്. അഖില്‍ സ്വപ്‌നം കാണുന്ന ലോകത്തേക്ക് എത്താന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Story highlights : Akhil Studying under street light during food delivery