’38 തരം മീനുകള്‍, 300 കിലോ തൂക്കം’; മീനുകള്‍ കൊണ്ടൊരു സിഎം പടമൊരുക്കി ഡാവിഞ്ചി സുരേഷ്‌

December 3, 2023

38 ഇനത്തിലുള്ള വിവിധ നിറങ്ങളിലുള്ള കടല്‍, കായല്‍ മത്സ്യങ്ങള്‍, ഇവയെല്ലാം കൂട്ടിയിണക്കിവച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ഒരുക്കിയിരിക്കുകയാണ് കൊടുങ്ങല്ലൂരിലെ ചിത്രകാരനും ശില്‍പിയുമായ ഡാവിഞ്ചി സുരേഷ്. സംസം എന്ന് പേരുള്ള വള്ളത്തിന്റെ മുന്‍വശത്തായി 15 അടി വലിപ്പത്തില്‍ പ്ലൈവുഡ് അടിച്ച് തട്ടൊരുക്കി അതിന് മുകളിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ഏകദേശം 300 കിലോ മീന്‍ ഉപയോഗിച്ചാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ( Davinchi Suresh made portrait of Pinarayi vijayan with fish )

നേരത്തെയും വൈവിധ്യമാര്‍ന്ന തരത്തില്‍ കലാ രാഷ്ടീയ രംഗത്തെ പ്രമുഖരുടെ അടക്കമുള്ള ചിത്രങ്ങളും ശില്‍പങ്ങളും സുരേഷ് ഒരുക്കിയിട്ടുണ്ട്. ഇത്തവണ നവകേരള സദസുമായി ബന്ധപ്പെട്ടുകൊണ്ട് അഴീക്കോട് ആണ് സുരേഷ് ഇത്തരത്തിലൊരും ചിത്രം ഒരുക്കിയത്. ഏകദേശം എട്ട് മണിക്കൂര്‍ സമയമെടുത്താണ് മുഖ്യമന്ത്രിയുടെ ചിത്രം പൂര്‍ത്തിയാക്കിയത്. മത്സ്യ ചിത്രം തയ്യാറാക്കുന്നതിന്റെ വീഡിയോയും ഡാവിഞ്ചി സുരേഷ് യൂട്യൂബില്‍ പങ്കുവച്ചിട്ടുണ്ട്.

ചെമ്മീന്‍, മാന്തള്‍, ക്ലാത്തി എന്നിവ ഉപയോഗിച്ചാണ് ചിത്രത്തിന്റെ പശ്ചാത്തലം ഒരുക്കിയത്. നീളമേറിയ വാളയാണ് തലമുടിയ്ക്കായി ഉപയോഗിച്ചിട്ടുള്ളത്. തെരണ്ടി, ചെമ്മീന്‍, കക്ക എന്നിവയാണ് മുക്കിന്റെ രൂപത്തിനായി ഉപയോഗിച്ചത്. ചെമ്മീന്‍, കക്ക, കടല്‍ ഞണ്ട്, കിളിമീന്‍ എന്നി മീനുകളാണ് നെറ്റി, മുഖം, ചുണ്ട എന്നിവയ്ക്ക് നിറം നല്‍കിയത്. വാള, മുള്ളന്‍, അയല, മത്തി എന്നിവ ഉപയോഗിച്ച് ഷര്‍ട്ട് ഒരുക്കിയ സുരേഷ് വലിയ ബ്രാലുകള്‍ ഉപയോഗിച്ചാണ് ബോര്‍ഡര്‍ വരച്ചത്.

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഡാവിഞ്ചി സുരേഷിന്റെ പ്രാവീണ്യത്തെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. ആദ്യമായിട്ടാകും മുഖ്യമന്ത്രിയുടെ ഇത്തരത്തിലുള്ള ഒരു ചിത്രമെന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേരളത്തിന്റെ പ്രിയങ്കരനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ ഇത്തരമൊരു ചിത്രം ആദ്യമായാകും. നിരവധി മീഡിയങ്ങളില്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഡാവിഞ്ചി സുരേഷാണ് നവകേരള സദസിനോടനുബന്ധിച്ച് കയ്പമംഗലം മണ്ഡലത്തിലെ അഴീക്കോട് മുഖ്യമന്ത്രിയുടെ മത്സ്യചിത്രം നിര്‍മിച്ചത്. മത്സ്യ തൊഴിലാളികളുടെ സഹകരണതോടെ സംസം വള്ളത്തിലാണ് 38 തരത്തിലുള്ള വിവിധ നിറങ്ങളിലുള്ള കടല്‍, കായല്‍ മത്സ്യങ്ങള്‍ ഉപയോഗിച്ച് വള്ളത്തിന്റെ മുന്‍വശത്തായുള്ള സ്ഥലത്ത് 16 അടി വലുപ്പത്തില്‍ പ്ലൈവുഡിന്റെ തട്ട് അടിച്ച് അതിനു മുകളില്‍ ചിത്രം പൂര്‍ത്തിയാക്കിയത്. എട്ട് മണിക്കൂര്‍ കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. വന്നു.

Read Also : ‘അല്ലേലും മലയാളി പൊളിയല്ലേ’; തനി നാടന്‍ ലുക്കില്‍ ലണ്ടന്‍ തെരുവിലൊരു ഫോട്ടോഷൂട്ട്, വൈറലായി ചിത്രങ്ങള്‍

പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യതൊഴിലാളികളെ കേരളത്തിന്റെ സൈന്യമായി പ്രഖ്യാപിച്ച മുഖ്യമന്ത്രി നവകേരള സദസ്സിന് കയ്പമംഗലം മണ്ഡലത്തില്‍ എത്തുന്നതിന്റെ ആദരസൂചകമായിട്ടാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യപ്രകാരം ഡാവിഞ്ചി സുരേഷ് ചിത്രം നിര്‍മ്മിച്ചത്.’

Story Highlights : Davinchi Suresh made portrait of Pinarayi vijayan with fish