‘അല്ലേലും മലയാളി പൊളിയല്ലേ’; തനി നാടന്‍ ലുക്കില്‍ ലണ്ടന്‍ തെരുവിലൊരു ഫോട്ടോഷൂട്ട്, വൈറലായി ചിത്രങ്ങള്‍

December 3, 2023

കോട്ടും സ്യുട്ടും സെറ്ററുമടക്കം മോഡേണ്‍ വസ്ത്രങ്ങളണിഞ്ഞ് പുറത്തിറങ്ങുന്ന ലണ്ടന്‍കാര്‍ക്കിടയില്‍ കളളിമുണ്ടും ബ്ലൗസും ധരിച്ച് ഒരു തനി നാടന്‍ ലുക്കില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിനിയായ വിന്യ രാജ് ആണ് വ്യത്യസ്തമായ വസ്ത്രമണിഞ്ഞെത്തി ഏവരെയും ഞെട്ടിച്ചത്. നാടും വീടും വിട്ട് മികച്ച ജീവിത സ്വപനങ്ങളുമായി കടല്‍ കടന്നാലും സ്വന്തം നാടിന്റെ പൈതൃകവും സംസ്‌കാരങ്ങളും മുറുകെപിടിക്കുന്നവരാണ് മലയാളികളെന്ന് തെളിയിക്കുന്നതാണ് ഈ ചിത്രങ്ങള്‍. ( Viral photoshoot of Malayali girl in London wearing lungi )

ചിത്രങ്ങള്‍ വൈറലായതോടെ വളരെ കൗതുകത്തോടെയാണ് ആളുകള്‍ ഈ ഫോട്ടോഷൂട്ടിനെ ഏറ്റെടുത്തത്. വ്യത്യസ്ത ആശയങ്ങളുമായി നാം നിരവധി ഫോട്ടോഷൂട്ടുകള്‍ കണ്ടിട്ടുണ്ടെങ്കിലും സ്ഥലവും ലുക്കുമാണ് ഇതിനെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. നാട്ടിന്‍പുറത്തുകാരുടെ സാധാരണ വേഷമായ കള്ളിമുണ്ടും തോര്‍ത്ത് മേല്‍മുണ്ടാക്കിയുമാണ് വിന്യ രാജ് ഫോട്ടോഷൂട്ടിനെത്തിയത്. വിദേശികള്‍ക്കും പെണ്‍കുട്ടിയുടെ വേഷം നന്നായി ബോധിച്ചുവെന്ന് ഇവര്‍ പങ്കുവച്ച ചിത്രങ്ങളില്‍ നിന്ന് വ്യകതമാണ്. നാട്ടുകാരായ പലരും സംസാരിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇവര്‍ പുറത്തുവിട്ടിട്ടുള്ളത്.

Read Also : വരനും വധുവും ഒന്ന്; മാസങ്ങളുടെ ഇടവേളയിൽ മൂന്നു വിധത്തിൽ വിവാഹിതരായി നടി അപൂർവ ബോസും ധിമനും

എം.എസ്‌സി ഇന്റര്‍നാഷണല്‍ ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ഥിനിയാണ് വിന്യ രാജ്. രണ്ട് വര്‍ഷം മുമ്പാണ് ഉപരി പഠനത്തിനായി യുകെയിലെത്തിയത്. ആങ്കറിങ്, മോഡലിങ് എന്നിവയിലും മികവ് തെളിയിച്ച വിന്യ യു.കെ മലയാളികള്‍ക്കിടയില്‍ സുപരിചിതയാണ്.

ബെറ്റര്‍ ഫ്രെയിംസ് ഫോട്ടോഗ്രഫി യുകെ എന്ന സ്ഥാപനത്തിന്റെ പങ്കാളിയായ മലയാളി ഫോട്ടോഗ്രാഫര്‍ സാജു അത്താണിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. 21 വര്‍ഷങ്ങള്‍ക്ക് മുമ്പ് സാജുവിനൊപ്പം രാജേഷ് നാടപ്പള്ളി, സോജി തോമസ് എന്നിവര്‍ ചേര്‍ന്നാണ് ബെറ്റര്‍ ഫ്രെയിംസ് എന്ന സംരഭത്തിന് തുടക്കമിട്ടത്. ബെറ്റര്‍ ഫ്രെയിംസ് ഫോട്ടോഗ്രഫിയും വിന്യയും ഇന്‍സ്റ്റാഗ്രാമില്‍ വ്യത്യസ്തമായ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

Story highlights : Viral photoshoot of Malayali girl in London wearing lungi and blouse