അന്താരാഷ്ട്ര ശ്രദ്ധ നേടിയ പുള്ളാവൂരിലെ കട്ടൗട്ടുകൾ; ഫിഫയ്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

November 9, 2022

കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ശ്രദ്ധേയമായ ഒരു വാർത്തയായിരുന്നു പുള്ളാവൂരിലെ ചെറുപുഴയിൽ സ്ഥാപിക്കപ്പെട്ട ഫുട്‍ബോൾ താരങ്ങളുടെ കട്ടൗട്ടുകളെ സംബന്ധിക്കുന്നത്. ഫിഫ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ചിത്രം പങ്കുവെച്ചതോടെ അന്താരാഷ്ട്ര ശ്രദ്ധ നേടുകയായിരുന്നു ഈ കട്ടൗട്ടുകൾ. മെസി, നെയ്‌മർ, റൊണാൾഡോ എന്നീ താരങ്ങളുടെ കട്ടൗട്ടുകളാണ് ആരാധകർ പുഴയിൽ സ്ഥാപിച്ചത്.

ഇപ്പോൾ ചിത്രം പങ്കുവെച്ച ഫിഫയ്ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. “മലയാളികളും കേരളവും എക്കാലവും ഫുട്‌ബോളിനെ ഇഷ്‌ടപ്പെടുന്നവരാണ്. ഖത്തർ ലോകകപ്പ് അടുക്കുമ്പോൾ ഇതാണ് കേരളത്തിൽ അങ്ങോളമിങ്ങോളം കാണുന്നത്. ഫുട്‌ബോളിനോടുള്ള കേരളത്തിന്റെ സമാനതകളില്ലാത്ത ആവേശം അംഗീകരിച്ച ഫിഫയ്ക്ക് നന്ദി”- ഫിഫയുടെ ട്വീറ്റിന് മറുപടിയായി മുഖ്യമന്ത്രി കുറിച്ചു.

ഇന്നലെയാണ് കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയിൽ ഉയർന്ന മെസിയുടെയും നെയ്‌മറുടെയും റൊണാൾഡോയുടെയും കട്ടൗട്ടുകളുടെ ചിത്രം ഫിഫ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവെച്ചത്. “കേരളത്തിന് ലോകകപ്പ് പനി. നെയ്‌മറുടെയും മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ഭീമൻ കട്ടൗട്ടുകൾ പുഴയിൽ ഉയർന്നു. ഖത്തർ ലോകകപ്പിന് ഇനി 12 ദിവസങ്ങൾ”- കട്ടൗട്ടുകളുടെ ചിത്രം പങ്കുവെച്ചു കൊണ്ട് ഫിഫ ട്വീറ്റ് ചെയ്‌തു.

Read More: മിശിഹായുടെ ഉയർത്തെഴുന്നേൽപ്പ്; തകർന്നു വീണ മെസിയുടെ കൂറ്റൻ കട്ടൗട്ട് പുനഃസ്ഥാപിച്ച് ആരാധകർ-വിഡിയോ

അതേ സമയം കേരളത്തിലാകെ ടീമുകളുടെയും താരങ്ങളുടെയും കട്ടൗട്ടുകളും ഫ്ളക്സുകളും നിറയുകയാണ്. ഇതിൽ ഏറ്റവും കൂടുതൽ വൈറലായത് ഇവിടെ പുള്ളാവൂർ ഗ്രാമത്തിലെ പുഴയുടെ നടുവിലുയർത്തിയ മെസിയുടെ വമ്പൻ കട്ടൗട്ടായിരുന്നു. ലോകമെങ്ങുമുള്ള അർജന്‍റീന ആരാധകർ ഇതിന്റെ വിഡിയോ ഷെയർ ചെയ്‌ത്‌ വൈറലാക്കിയിരുന്നു. പുള്ളാവൂരിലെ അർജന്‍റീന ആരാധകർ കട്ടൗട്ടുമായി പോകുന്നതിന്‍റെയും പുഴയിൽ സ്ഥാപിക്കുന്നതിന്‍റെയും വിഡിയോ വൈറലായത് നിമിഷ നേരം കൊണ്ടാണ്. ഫോക്‌സ് സ്‌പോര്‍ട്‌സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇത് വാർത്തയായിരുന്നു. കൂടാതെ അർജന്‍റീന ടീമിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പുള്ളാവൂരിലെ അർജന്‍റീന ആരാധകരും ഈ കൂറ്റന്‍ കട്ടൗട്ടും ഇടംപിടിച്ചു.

Story Highlights: Pinarayi vijayan thanks fifa