മിശിഹായുടെ ഉയർത്തെഴുന്നേൽപ്പ്; തകർന്നു വീണ മെസിയുടെ കൂറ്റൻ കട്ടൗട്ട് പുനഃസ്ഥാപിച്ച് ആരാധകർ-വിഡിയോ

November 8, 2022

കേരളത്തിലാകെ ഫുട്‍ബോൾ ലോകകപ്പിന്റെ ആവേശമാണ്. തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെയും താരങ്ങളുടെയും കട്ടൗട്ടുകളും ഫ്ലെക്സുകളും ഉയർത്തിയാണ് ആരാധകർ ആവേശം പ്രകടിപ്പിക്കുന്നത്. മലപ്പുറം മുണ്ടയിലെ ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് തകർന്നു വീഴുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. റോഡരികിൽ സ്ഥാപിക്കാൻ ശ്രമിച്ച കൂറ്റൻ കട്ടൗട്ടാണ് കഴിഞ്ഞ ദിവസം ഒടിഞ്ഞ് വീണത്. ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് 65 അടിയോളം വലിപ്പമുള്ള കട്ടൗട്ട് നിർമിച്ചത്.

ഇപ്പോൾ തകർന്ന കട്ടൗട്ട് പുനസ്ഥാപിച്ചിരിക്കുകയാണ് അർജന്റീന ആരാധകർ. സ്ഥാപിക്കുന്നതിനിടെ തന്നെ മുറിഞ്ഞ് വീണ കൂറ്റൻ കട്ടൗട്ട് മണിക്കൂറുകൾക്കുള്ളിലാണ് ആരാധകർ പുനഃസ്ഥാപിച്ചത്. മുണ്ടയിലെ റോഡരികിൽ അതേ സ്ഥലത്ത് തന്നെ കട്ടൗട്ട് ഇപ്പോൾ തല ഉയർത്തി നിൽക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മെസി കട്ടൗട്ട് എന്നാണ് ആരാധകരുടെ അവകാശവാദം. 65 അടി വലിപ്പമുള്ള കട്ടൗട്ട് ദിവസങ്ങളുടെ പരിശ്രമത്തിനൊടുവിലാണ് പൂർത്തിയാക്കിയത്.

അതേ സമയം കേരളത്തിലാകെ ടീമുകളുടെയും താരങ്ങളുടെയും കട്ടൗട്ടുകളും ഫ്ളക്സുകളും നിറയുകയാണ്. ഇതിൽ ഏറ്റവും കൂടുതൽ വൈറലായത് കോഴിക്കോട് പുള്ളാവൂർ ഗ്രാമത്തിലെ പുഴയുടെ നടുവിലുയർത്തിയ മെസിയുടെ വമ്പൻ കട്ടൗട്ടായിരുന്നു. ലോകമെങ്ങുമുള്ള അർജന്‍റീന ആരാധകർ ഇതിന്റെ വിഡിയോ ഷെയർ ചെയ്‌ത്‌ വൈറലാക്കിയിരുന്നു. പുള്ളാവൂരിലെ അർജന്‍റീന ആരാധകർ കട്ടൗട്ടുമായി പോകുന്നതിന്‍റെയും പുഴയിൽ സ്ഥാപിക്കുന്നതിന്‍റെയും വിഡിയോ വൈറലായത് നിമിഷ നേരം കൊണ്ടാണ്.

Read More: 30 അടിക്ക് മറുപടി 40 അടി; മെസിയുടെ കട്ടൗട്ടിന് അരികിലായി നെയ്‌മറുടെ കൂറ്റൻ കട്ടൗട്ട് വച്ച് ബ്രസീൽ ആരാധകർ, രസകരമായ ഒരു ഫാൻ ഫൈറ്റ്

ഇതിന് ശേഷം ഇതേ പുഴയിൽ നെയ്‌മറുടെയും റൊണാൾഡോയുടെയും കൂറ്റൻ കട്ടൗട്ടുകൾ ആരാധകർ സ്ഥാപിച്ചിരുന്നു. തലയെടുപ്പോടെയാണ് മൂന്ന് താരങ്ങളുടെയും കട്ടൗട്ടുകൾ പുഴയിൽ നിൽക്കുന്നത്. ഇത് ഗോട്ടുകളുടെ സംഗമമാണെന്നാണ് ആരാധകർ പറയുന്നത്.

Story Highlights: Messi cut out at malappuram