30 അടിക്ക് മറുപടി 40 അടി; മെസിയുടെ കട്ടൗട്ടിന് അരികിലായി നെയ്‌മറുടെ കൂറ്റൻ കട്ടൗട്ട് വച്ച് ബ്രസീൽ ആരാധകർ, രസകരമായ ഒരു ഫാൻ ഫൈറ്റ്

November 3, 2022

ലോകമെങ്ങും കാൽപന്ത് കളിയുടെ ആവേശം നിറയുകയാണ്. അടുത്ത മാസമാണ് ഖത്തർ ലോകകപ്പ് ആരംഭിക്കുന്നത്. ഇങ്ങ് കേരളത്തിലും ആരാധകർ വലിയ ആവേശത്തിലാണ്. ടീമിന്റെ ആരാധകരൊക്കെ പരസ്‌പരം വെല്ലുവിളികൾ ഉയർത്തി രംഗത്ത് വന്നിട്ടുണ്ട്. എപ്പോഴത്തെയും പോലെ ബ്രസീൽ അർജന്‍റീന ടീമുകൾക്ക് തന്നെയാണ് ഇത്തവണയും ഏറ്റവും കൂടുതൽ ആരാധക വൃന്ദമുള്ളത്.

കേരളത്തിലാകെ ടീമുകളുടെയും താരങ്ങളുടെയും കട്ടൗട്ടുകളും ഫ്ളക്സുകളും നിറയുകയാണ്. ഇതിൽ ഏറ്റവും കൂടുതൽ വൈറലായത് കോഴിക്കോട്ടെ പുള്ളാവൂർ ഗ്രാമത്തിലെ പുഴയുടെ നടുവിലുയർത്തിയ മെസിയുടെ വമ്പൻ കട്ടൗട്ടായിരുന്നു. ലോകമെങ്ങുമുള്ള അർജന്‍റീന ആരാധകർ ഇതിന്റെ വിഡിയോ ഷെയർ ചെയ്‌ത്‌ വൈറലാക്കിയിരുന്നു. പുള്ളാവൂരിലെ അർജന്‍റീന ആരാധകർ കട്ടൗട്ടുമായി പോകുന്നതിന്‍റെയും പുഴയിൽ സ്ഥാപിക്കുന്നതിന്‍റെയും വിഡിയോ വൈറലായത് നിമിഷ നേരം കൊണ്ടാണ്.

എന്നാലിപ്പോൾ മറ്റൊരു കട്ടൗട്ട് വെച്ചതിന്റെ വിഡിയോയാണ് വൈറലാവുന്നത്. അർജന്‍റീന ആരാധകർക്കുള്ള മറുപടിയായി നെയ്‌മറിന്റെ കൂറ്റൻ കട്ടൗട്ട് വച്ചിരിക്കുകയാണ് ബ്രസീൽ ആരാധകർ. മെസ്സിയുടെ 30 അടി കട്ടൗട്ടിന് മറുപടിയായി നെയ്മറിന്റെ 40 അടി കട്ടൗട്ടാണ് അതേ പുഴയിൽ ബ്രസീൽ ആരാധകർ ഉയർത്തിയിരിക്കുന്നത്. തല ഉയർത്തി നിൽക്കുന്ന മെസ്സിയും നെയ്‌മറുമെല്ലാം ആരാധകർക്ക് നൽകുന്ന പ്രതീക്ഷ ചെറുതല്ല.

Read More: ബ്രസീൽ ആരാധകരെ ട്രോളി മണിയാശാൻ; ഫേസ്ബുക്കിൽ രസകരമായ ഒരു ഫാൻ ഫൈറ്റ്

മൂന്ന് ദിവസം മുമ്പാണ് പുള്ളാവൂരിലെ അർജന്‍റീന ആരാധകര്‍ ചെറുപുഴയിൽ അർജന്‍റീനയുടെ നീലയും വെള്ളയും ജേഴ്‌സി ധരിച്ച് നില്‍ക്കുന്ന മെസ്സിയുടെ 30 അടിക്ക് മുകളില്‍ ഉയരമുള്ള കൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ചത്. ഫോക്‌സ് സ്‌പോര്‍ട്‌സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇത് വാർത്തയായിരുന്നു. കൂടാതെ അർജന്‍റീന ടീമിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പുള്ളാവൂരിലെ അർജന്‍റീന ആരാധകരും ഈ കൂറ്റന്‍ കട്ടൗട്ടും ഇടംപിടിച്ചു. ഇതിനു പിറകെയാണ് വിട്ടുകൊടുക്കാതെ ബ്രസീൽ ആരാധകർ എത്തിയിരിക്കുന്നത്.

Story Highlights: Cutouts of messi and neymar goes viral