ബ്രസീൽ ആരാധകരെ ട്രോളി മണിയാശാൻ; ഫേസ്ബുക്കിൽ രസകരമായ ഒരു ഫാൻ ഫൈറ്റ്

October 22, 2022

ലോകമെങ്ങും കാൽപ്പന്തിന്റെ ആവേശം വീണ്ടും നിറയുകയാണ്. അടുത്ത മാസം ഇരുപതാം തീയതിയാണ് ഖത്തർ ലോകകപ്പ് തുടങ്ങുന്നത്. ഇങ്ങ് കേരളത്തിലും ആവേശം വാനോളമാണ്. ടീമിന്റെ ആരാധകരൊക്കെ പരസ്‌പരം വെല്ലുവിളികൾ ഉയർത്തി രംഗത്ത് വന്നിരിക്കുകയാണ്. എപ്പോഴത്തെയും പോലെ ബ്രസീൽ അർജന്റീന ടീമുകൾക്ക് തന്നെയാണ് ഇത്തവണയും ഏറ്റവും കൂടുതൽ ആരാധക വൃന്ദമുള്ളത്.

ഇപ്പോൾ ഫേസ്ബുക്കിൽ നടന്ന രസകരമായ ഒരു ഫാൻ ഫൈറ്റാണ് ഫുട്‍ബോൾ ആരാധകർക്ക് കൗതുകമാവുന്നത്. കേരളത്തിലെ സിപിഎം നേതാക്കൾ തമ്മിലാണ് ഈ ഫാൻ ഫൈറ്റ് എന്നതാണ് രസകരമായ വസ്‌തുത. അർജന്റീന ആരാധകരെ വെല്ലുവിളിച്ച് മന്ത്രി വി.ശിവൻകുട്ടിയാണ് ആദ്യമായി ഫേസ്ബുക്ക് പോസ്റ്റിട്ടത്. കടുത്ത ബ്രസീൽ ആരാധകനാണ് അദ്ദേഹം. അര്‍ജന്‍റീന ആരാധകരായ എം എം മണിയെയും മുന്‍ മന്ത്രി കടകംപ്പള്ളി സുരേന്ദ്രനെയും ടാഗ് ചെയ്തു കൊണ്ടായിരുന്നു മന്ത്രി ശിവന്‍കുട്ടി വെല്ലുവിളിച്ചത്.

ഇതിന് മറുപടിയുമായി അർജന്റീന ആരാധകരായ എം.എം മണി, വി.കെ പ്രശാന്ത് എന്നിവർ എത്തിയിരുന്നു. ഇപ്പോൾ മണിയാശാന്റെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റാണ് വൈറലാവുന്നത്. ബ്രസീൽ ആരാധകരെ ട്രോളി കൊണ്ടാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്. “ബ്രസീല്‍ ആരാധകര്‍ ഇവിടെ കമോണ്‍, നിങ്ങള്‍ക്കുള്ള കാവിലെ അടുത്ത പാട്ടു മത്സരം എത്താറായി” എന്നാണ് മണിയാശാൻ ഫേസ്ബുക്കിൽ കുറിച്ചത്.

Read More: “ഇനി ഒരു ലോകകപ്പിനുണ്ടാവില്ല, ഇത് അവസാനത്തേത്..”; തുറന്ന് പറഞ്ഞ് ലയണൽ മെസി

അതേ സമയം വരാനിരിക്കുന്ന ഖത്തർ ലോകകപ്പ് തന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്ന് ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി പറഞ്ഞിരുന്നു. ദിവസങ്ങളെണ്ണിയാണ് താൻ കാത്തിരിക്കുന്നതെന്നും വലിയ രീതിയിൽ ആകാംക്ഷയും പേടിയുമുണ്ടെന്നും മെസി കൂട്ടിച്ചേർത്തു. ലാറ്റിനമേരിക്കൻ ഒടിടി പ്ലാറ്റ്ഫോമായ സ്റ്റാർ പ്ലസിനു നൽകിയ അഭിമുഖത്തിലായിരുന്നു മെസിയുടെ പ്രതികരണം.

Story Highlights: Funny fan fight of cpim leaders