“ഇനി ഒരു ലോകകപ്പിനുണ്ടാവില്ല, ഇത് അവസാനത്തേത്..”; തുറന്ന് പറഞ്ഞ് ലയണൽ മെസി

October 7, 2022

ലോകഫുട്‌ബോളിലെ കിരീടം വയ്ക്കാത്ത രാജാവാണ് ലയണൽ മെസി. അർജന്റീനയുടെ ദേശീയ ടീമിന്റെ നായകൻ കൂടിയായ മെസി 2014 ലെ ഫിഫ ലോകകപ്പിൽ അർജന്റീനയെ ഫൈനലിലെത്തിച്ചിരുന്നു. ഇപ്പോൾ മെസി ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്.

വരാനിരിക്കുന്ന ഖത്തർ ലോകകപ്പ് തന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്നാണ് മെസി പറഞ്ഞിരിക്കുന്നത്. ദിവസങ്ങളെണ്ണിയാണ് താൻ കാത്തിരിക്കുന്നതെന്നും വലിയ രീതിയിൽ ആകാംക്ഷയും പേടിയുമുണ്ടെന്നും മെസി കൂട്ടിച്ചേർത്തു. ലാറ്റിനമേരിക്കൻ ഒടിടി പ്ലാറ്റ്ഫോമായ സ്റ്റാർ പ്ലസിനു നൽകിയ അഭിമുഖത്തിലായിരുന്നു മെസിയുടെ പ്രതികരണം.

“ഇതെൻ്റെ അവസാന ലോകകപ്പാണോ എന്നോ? അതെ, തീർച്ചയായും അതെ. ഞാൻ ലോകകപ്പിലേക്കുള്ള ദിനങ്ങളെണ്ണി കാത്തിരിക്കുകയാണ്. ആകാംക്ഷയും പേടിയുമുണ്ട്. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന പേടിയാണ്. ഇതാണ് അവസാന ലോകകപ്പ്. എങ്ങനെയാണ് കളിക്കാൻ പോകുന്നതെന്ന ചിന്തയാണ്. ലോകകപ്പ് വിജയസാധ്യത ഏറെയുള്ള ടീമാണ് ഞങ്ങൾ എന്നതിനെപ്പറ്റി അറിയില്ല. ഞങ്ങളെക്കാൾ മികച്ച ടീമുകളുണ്ട്. പക്ഷേ, ഞങ്ങളും ഏറെ അകലെയല്ല. എല്ലാ മത്സരങ്ങളും ബുദ്ധിമുട്ടേറിയതായിരിക്കും. വിജയസാധ്യത ഏറെയുള്ള ടീം എല്ലാ കളിയും ജയിക്കണമെന്നില്ല.”- മെസി പറഞ്ഞു.

Read More: വീണ്ടും താരമായി നടൻ മാധവന്റെ മകൻ; നാഷണൽ ഗെയിംസിൽ തിളങ്ങി വേദാന്ത് മാധവൻ

ലോകകപ്പ് വേദിയായി പ്രഖ്യാപിച്ച നാൾ മുതൽ ആവേശത്തോടെയാണ് ഖത്തർ അതിന് വേണ്ടി ഒരുങ്ങിയിരുന്നത്. വലിയ തയ്യാറെടുപ്പുകൾ വർഷങ്ങൾക്ക് മുൻപ് തന്നെ തുടങ്ങിയിരുന്ന ഖത്തറിന് കൊവിഡ് ഒമിക്രോൺ ഭീഷണികൾ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ ടിക്കറ്റ് വിൽപ്പനയ്ക്ക് ഉണ്ടായ മികച്ച പ്രതികരണം വീണ്ടും ഖത്തർ ലോകകപ്പിനെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചിരുന്നു.നവംബർ 20 നാണ് ലോകകപ്പിന് കൊടിയേറുന്നത്.

Story Highlights: Lionel messi says qatar world cup is his last