വീണ്ടും താരമായി നടൻ മാധവന്റെ മകൻ; നാഷണൽ ഗെയിംസിൽ തിളങ്ങി വേദാന്ത് മാധവൻ

October 5, 2022

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിലൊരാളാണ് മാധവൻ. തമിഴ് സിനിമയിൽ തുടക്കം കുറിച്ച മാധവൻ പിന്നീട് ഹിന്ദി ചിത്രങ്ങളിലും വലിയ വിജയം നേടിയിരുന്നു. അച്ഛനെ പോലെ തന്നെ പ്രശസ്‌തനാണ് അദ്ദേഹത്തിന്റെ മകൻ വേദാന്ത് മാധവനും.

എന്നാൽ മാധവന്റെ മകൻ എന്ന നിലയിലല്ല വേദാന്ത് പ്രശസ്‌തനായിട്ടുള്ളത്. നീന്തൽ താരമായി മികച്ച നേട്ടങ്ങളാണ് താരം സ്വന്തമാക്കുന്നത്. ദേശീയ ഗെയിംസിൽ മികച്ച പ്രകടനമാണ് വേദാന്ത് കാഴ്ച്ചവെച്ചിരിക്കുന്നത്. ദേശീയ ജൂനിയർ ചാമ്പ്യനായ വേദാന്തിന്റെ ആദ്യ ദേശീയ ഗെയിംസാണ് ഇത്. അച്ഛന്റെയും കുടുംബത്തിന്റെയും പിന്തുണയാണ് തന്റെ പ്രധാന കരുത്തെന്ന് വേദാന്ത് പറയുന്നു. 800, 1500 മിറ്റർ ഫ്രീസ്‌റ്റൈൽ നീന്തലാണ് വേദാന്തിന്റെ പ്രധാനപ്പെട്ട ഇനം. ഡാനിഷ് ഓപ്പണിൽ സ്വർണം മെഡൽ കരസ്ഥമാക്കിയതും ഇതേ ഇനത്തിൽ തന്നെ.

ദ്രോണാചാര്യാ അവാർഡ് ജേതാവും മലയാളിയുമായ പ്രദീപ് കുമാറിന്റെ കീഴിലാണ് വേദാന്ത് പരിശീലനം നടത്തുന്നത്. വേദാന്തിന്റെ പരിശീലനത്തിനായി മാധവനും കുടുംബവും ദുബായിൽ കുറച്ചുനാൾ ചിലവഴിച്ചിരുന്നു. മകൻ തന്റെ നിഴലിൽ ഒതുങ്ങുന്നവനായിരിക്കരുതെന്ന് മാധവൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അത് യാഥാർഥ്യമാക്കുകയാണ് വേദാന്ത്. പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടുക എന്നതാണ് വേദാന്തിന്റെ അടുത്ത ലക്ഷ്യം.

അതേ സമയം ‘റോക്കട്രി ദി നമ്പി ഇഫക്ട്’ എന്ന ചിത്രമാണ് മാധവന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. മലയാളി കൂടിയായ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘റോക്കട്രി’ പ്രഖ്യാപനം ഉണ്ടായ നാൾ മുതൽ സിനിമ ലോകം കാത്തിരുന്ന ചിത്രം കൂടിയായിരുന്നു. നമ്പി നാരായണന്റെ 27 വയസ്സു മുതൽ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം.

Read More: “ആ ഒരു മിനുട്ട് എന്റെ കരിയറിന് പുതിയ അർത്ഥങ്ങൾ നൽകി..”; രജനീ കാന്ത് അഭിനന്ദിച്ചതിനെ പറ്റി ജയം രവി

ജൂലൈ 1 ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച വിജയമാണ് നേടിയത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം റിലീസിനെത്തിയത്. നാലു വർഷമായി അണിയറയിൽ ഒരുങ്ങിയിരുന്ന ചിത്രം സംവിധാനം ചെയ്‌തതും മാധവൻ തന്നെയാണ്.

Story Highlights: Vedanth madhavan shines in national games