കൂടുതൽ ജില്ലകളിലേക്ക് റെഡ് അലേർട്ട് വ്യാപിപ്പിച്ചു; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം
സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലേർട്ട് കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലേർട്ട് ഇപ്പോൾ ഏഴ് ജില്ലകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം തൃശൂർ പാലക്കാട് ജില്ലകളിൽ ഓറഞ്ചും, തിരുവനന്തപുരത്ത് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത 24 മണിക്കൂറിൽ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ഇന്നും നാളെയും സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര മേഖലകളിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
Read also: വാതിൽക്കല് വെള്ളരിപ്രാവിന് വയലിനിൽ ഈണം പകർന്ന് ശബരീഷ്; വീഡിയോ പങ്കുവെച്ച് എം ജയചന്ദ്രൻ
കേരള തീരത്ത് ശക്തമായ കാറ്റിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
Story Highlights: red-alert-in-seven-districts