മുകളിലേക്ക് ഒഴുകുന്ന വെള്ളച്ചാട്ടം; ഓസ്‌ട്രേലിയയിൽ പ്രത്യക്ഷപ്പെട്ട വിചിത്ര പ്രതിഭാസം
പ്രകൃതി ഒരുക്കിയ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് മുകളിലേക്ക് ഒഴുകുന്ന ജലം. ഓസ്‌ട്രേലിയയിലെ സിഡ്‌നിയ്ക്ക് സമീപത്തെ ഒരു വെള്ളച്ചാട്ടമാണ് ഇത്തരത്തിൽ കൗതുകമുണർത്തുന്ന കാഴ്ചകൾ സമ്മാനിക്കുന്നത്. ഇവിടെ മണിക്കൂറിൽ 74 കിലോമീറ്ററോളം വേഗത്തിൽ വീശുന്ന കാറ്റാണ് ഈ അത്ഭുത പ്രതിഭാസം ഒരുക്കുന്നത്. സാധാരണ ഗതിയിൽ മറ്റ് വെള്ളച്ചാട്ടങ്ങളെപോലെത്തന്നെ ഇവിടെയും വെള്ളം താഴേക്കാണ് പതിക്കുന്നത്. എന്നാൽ ഇതിനടുത്ത് കടലായതിനാൽ ചില സമയങ്ങളിൽ ശക്തമായ കാറ്റ് വീശുമ്പോൾ വെള്ളത്തിന്റെ ഒഴുക്കിന്റെ ഗതി മാറും. ഇതോടെ വെള്ളം താഴെനിന്നും മുകളിലേക്ക് ഒഴുകും.
കുത്തനെയുള്ള തുറസായ പ്രദേശങ്ങളിൽ കാണുന്ന വെള്ളച്ചാട്ടങ്ങളിൽ എല്ലാം കാറ്റ് ശക്തി പ്രാപിക്കുമ്പോൾ ഇത്തരത്തിൽ സംഭവിക്കാറുണ്ട്. അടുത്തിടെ സിഡ്നിയ്ക്ക് സമീപമുള്ള റോയല്‍ നാഷണല്‍ പാര്‍ക്കില്‍ നിന്ന് ഡ്രോണ്‍ ഉപയോഗിച്ച് പകര്‍ത്തിയ റിവേഴ്സ് വാട്ടർ ഫാളിന്റെ ദൃശ്യങ്ങളാണ് ഏറെ അമ്പരപ്പിക്കുന്നത്.
അതേസമയം നേരത്തെ ഫാരോ ദ്വീപിലും ഇത്തരത്തിൽ മുകളിലേക്ക് ഒഴുകുന്ന വെള്ളത്തിന്റെ ദൃശ്യങ്ങൾ കണ്ടിരുന്നു. കടലിൽ നിന്നും വെള്ളം മുകളിലേക്ക് ഉയർന്നുവരുന്നതും പിന്നീട് ആ വെള്ളം മുകളിലുള്ള പാറക്കെട്ടുകളിൽ പതിക്കുന്നതുമായ കാഴ്ചകൾ സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു. ഈ അത്ഭുത പ്രതിഭാസം കാണാൻ നിരവധിയാളുകളും ഫാരോ ദ്വീപിൽ എത്തിയിരുന്നു.
ഈ പ്രദേശങ്ങളിൽ കാറ്റ് ശക്തമായി വീശാറുണ്ട്. കാറ്റ് പാറകളിൽ തട്ടുമ്പോൾ വായുവിന്റെ ചലനവും മാറിവരാറുണ്ട്. ഇവ വൃത്താകൃതിയിൽ ആകുന്നതിന്റെ ഫലമായി ജലവും ആ ആകൃതിയിലേക്ക് മാറുന്നു. ഇതാണ് ഈ അത്ഭുത പ്രതിഭാസത്തിന് കാരണമെന്നാണ് കാലാവസ്ഥ നിരീക്ഷണ ഉദ്യോഗസ്ഥർ അറിയിച്ചത്. സാധാരണയായി ഇങ്ങനെ സംഭവിക്കുന്നിടത്ത് വെള്ളത്തിന്റെ സാന്നിധ്യം കുറവാണ്. എന്നാൽ ഇവിടെ വെള്ളത്തിന്റെ അളവ് വളരെയധികം കൂടുതലാണ്. ഫാരോ ദ്വീപിൽ സമുദ്രജലത്തിന് മുകളിലായി ചുഴലിക്കാറ്റ് രൂപപ്പെട്ടതും ഇത്തരത്തിൽ കൗതുകമുണർത്തുന്ന ഒരു കാഴ്ചയ്ക്ക് കാരണമായിരുന്നു. ഈ പ്രദേശങ്ങളിൽ ഉണ്ടായ കനത്ത മഴയും ഈ പ്രതിഭാസത്തിന് കാരണമായതായി മുതിർന്ന കാലാവസ്ഥ നിരീക്ഷകനായ ഗ്രെഗ് ഡ്യൂഹെസ്റ്റ് പറഞ്ഞിരുന്നു.
Story Highlights: Reverse Waterfalls in australia