ജോലി സമയം കഴിഞ്ഞാൽ മെയിലുകളും കോളുകളും അവഗണിക്കാൻ അവകാശമുണ്ട്; നിയമം പ്രാബല്യത്തിലാക്കാൻ ഓസ്ട്രേലിയ!

February 8, 2024

ജോലി എല്ലാവർക്കും അനിവാര്യമാണ്. എന്നാൽ ഇന്ന് പലരും നേരിടുന്ന പ്രധാന പ്രശ്നം സ്വകാര്യ ജീവിതവും ജോലിയും തമ്മിലുള്ള അതിർവരമ്പ് ഇല്ലാതെയാകുന്നു എന്നതാണ്. ജോലി സമയം കഴിഞ്ഞും പലപ്പോഴും തുടരേണ്ടി വരിക, അവധിയുള്ള ദിവസങ്ങളിൽ ജോലി സംബന്ധമായ ഫോൺ വിളികളും മെയിലുകളും വരിക എന്നിങ്ങനെയുള്ള പല കാര്യങ്ങളും ജോലിയിൽ വിരസത ഉളവാക്കും. (Australia to implement ‘Right to Ignore’ for employees)

എന്നാൽ ഇത്തരം പതിവ് കാഴ്ചകൾക്ക് അറുതി വരുത്താൻ തീരുമാനിച്ചിരിക്കുകയാണ് ഓസ്ട്രലിയക്കാർ. ജോലി സമയത്തിന് പുറത്ത്, തങ്ങളുടെ മേലധികാരികളിൽ നിന്നുള്ള അകാരണമായ വിളികളും സന്ദേശങ്ങളും അവഗണിക്കാൻ ജീവനക്കാർക്ക് അവകാശം നൽകുന്ന നിയമം അവതരിപ്പിക്കാനാണ് ഓസ്ട്രേലിയ ഒരുങ്ങുന്നത്.

പാർലമെൻ്ററി ബില്ലിന് കീഴിൽ ഫെഡറൽ ഗവൺമെൻ്റ് നിർദ്ദേശിച്ചിട്ടുള്ള വ്യാവസായിക നിയമങ്ങളിൽ കൊണ്ടുവരുന്ന നിരവധി മാറ്റങ്ങളുടെ ഭാഗമാണ് “അവഗണിക്കാനുള്ള അവകാശം” അഥവാ ‘റൈറ്റ് ടു ഇഗ്നോർ’. ബില്ലിന് ഭൂരിപക്ഷം സെനറ്റർമാരുടെയും പിന്തുണ ലഭിച്ചതായും ലേബർ പാർട്ടി അറിയിച്ചു.

Read also: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻ; 27-ാം വയസ്സിൽ പേൾ കപൂർ നേടിയത് സ്വപ്നതുല്യം!

അടുത്തയാഴ്ച പാർലമെൻ്റിൽ അവതരിപ്പിക്കാനിരിക്കുന്ന നിർദ്ദിഷ്ട ബിൽ അനുസരിച്ച്, തങ്ങളെ അനാവശ്യമായി ബന്ധപ്പെടുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്നതായി തോന്നുന്ന ജീവനക്കാർ ആദ്യം തൊഴിലുടമയോട് പ്രശ്നം ഉന്നയിക്കണം. പ്രശ്‌നം പരിഹരിക്കപ്പെടാതെ തുടരുകയാണെങ്കിൽ, സ്റ്റോപ്പ് ഓർഡറിനായി ഫെയർ വർക്ക് കമ്മീഷനിലേക്ക് കേസ് എടുത്ത് അവർക്ക് പരാതി നൽകാൻ കഴിയും. ഇത് പാലിക്കുന്നതിൽ തൊഴിലുടമ പരാജയപ്പെട്ടാൽ പിഴ ഈടാക്കാം.

ഈ മാറ്റങ്ങൾ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം പുനഃസ്ഥാപിക്കുമെന്നും പ്രധാനമന്ത്രി ആൻ്റണി അൽബനീസ് അഭിപ്രായപ്പെടുന്നു.

Story highlights: Australia to implement ‘Right to Ignore’ for employees