‘അത്ഭുതം ഈ അതിജീവനം’; ഗാസയിൽ കൊല്ലപ്പെട്ട ഗർഭിണിയുടെ കുഞ്ഞ് ജീവിതത്തിലേക്ക്!

April 23, 2024

ഗാസയിലെ നഗരമായ റാഫയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ത്രീക്ക് ഒരു പെൺകുഞ്ഞ് പിറന്നു. കൊല്ലപ്പെടുമ്പോൾ കുഞ്ഞിൻ്റെ അമ്മ സബ്രീൻ അൽ സകാനി 30 ആഴ്ച ഗർഭിണിയായിരുന്നു. തീവ്രമായ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ട ആ രാത്രിയിൽ അതിശയകരമായ ജീവന്റെ തുടിപ്പ് ശേഷിച്ചത് അവളിൽ മാത്രം. (Baby Delivered Alive after Mother dies in Israeli Attack)

കുഞ്ഞിനെ ജീവനോടെ പുറത്തെത്തിക്കാനായെങ്കിലും അവളുടെ അമ്മ സബ്രീനെ രക്ഷിക്കാനായില്ല. അമ്മയ്‌ക്കൊപ്പം കുഞ്ഞിൻ്റെ അച്ഛനും സഹോദരിയും ആക്രമണത്തിൽ വിടപറഞ്ഞു. പലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞതനുസരിച്ച് അന്ന് രാത്രി നഗരത്തിൽ നടന്ന ആക്രമണത്തിൽ മരണപ്പെട്ടവരിൽ ഭൂരിഭാഗവും കുട്ടികളാണ്.

കുഞ്ഞിന് ശ്വാസതടസമുണ്ടെന്നും ഒരു മാസത്തോളം ആശുപത്രിയിൽ കഴിയേണ്ടി വരുമെന്നുമാണ് ഡോക്ടർമാർ പറയുന്നത്. അടിയന്തര സി-സെക്ഷനിലൂടെ പുറത്തെത്തിച്ച കുഞ്ഞിന് 1.4 കിലോഗ്രാം ഭാരമുണ്ടെന്ന് കുഞ്ഞിനെ ശുശ്രൂഷിക്കുന്ന ഡോക്ടർ മുഹമ്മദ് സലാമ പറയുന്നു.

Read also: ഓടുന്ന ട്രെയിൻ വീൽസെറ്റിനുള്ളിൽ കുടിങ്ങി ബാലൻ; രക്ഷകനായത് ആർപിഎഫ് കോൺസ്റ്റബിൾ!

റാഫ ആശുപത്രിയിലെ ഇൻക്യുബേറ്ററിലുള്ള കുഞ്ഞിന്റെ നെഞ്ചിലായി “രക്തസാക്ഷി സബ്രീൻ അൽ-സകാനിയുടെ കുഞ്ഞ്” എന്നെഴുതിയ ടേപ്പാണ് ഡോക്ടർമാർ ഒട്ടിച്ചത്. അവളുടെ അമ്മാവൻ റാമി അൽ-ഷൈഖ് പറയുന്നതനുസരിച്ച്, സകാനിയുടെ ഇളയ മകൾ മാലക്കിന് തൻ്റെ കുഞ്ഞ് സഹോദരിക്ക് അറബി ഭാഷയിൽ ‘ആത്മാവ്’ എന്നർത്ഥം വരുന്ന ‘റൂഹ്’ എന്ന പേരിടണമെന്നായിരുന്നു മോഹം.

കുഞ്ഞ് മൂന്നോ നാലോ ആഴ്ചകൾ കൂടെ ആശുപത്രിയിൽ ചെലവഴിക്കേണ്ടി വരുമെന്ന് ഡോക്ടർ സലാമ പറഞ്ഞു. അതിന് ശേഷം മാത്രമേ അവൾ എവിടേക്ക് പോകുന്നു എന്ന കാര്യം അറിയാൻ സാധിക്കു. ഏറ്റവും സങ്കടകരമായ കാര്യവും അതുതന്നെയെന്ന് ഡോക്ടർ പറയുന്നു. കാരണം, അവൾ രക്ഷപ്പെട്ടെങ്കിൽ കൂടി തീർത്തും അനാഥത്വത്തിലേക്കാണ് അവളുടെ അടുത്ത യാത്ര.

Story highlights: Baby Delivered Alive after Mother dies in Israeli Attack