“എന്റെ ആദ്യ കാറായ ആ മാരുതി 800 കണ്ടെത്താന്‍ സഹായിക്കുമോ” എന്ന് സച്ചിന് തെന്‍ഡുല്‍ക്കര്‍
ക്രിക്കറ്റ് ലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസ താരമാണ് സച്ചിന് തെന്‍ഡുല്‍ക്കര്‍. ബാറ്റിങില്‍ താരം വിസ്മയം തീര്‍ക്കുമ്പോള്‍ ഗാലറികള്‍ എക്കാലത്തും ആര്‍പ്പുവിളികള്‍ക്കൊണ്ട് നിറഞ്ഞിരുന്നു. ലോകംകണ്ട മികച്ച ബാറ്റ്സ്മാന്മാരില് ഒരാളാണ് സച്ചിന്. കളിക്കളത്തിനു പുറത്തെ സച്ചിന് തെന്‍ഡുല്‍ക്കറിന്റെ പല ഇഷ്ടങ്ങളും പലപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. പ്രത്യേകിച്ച് സച്ചിന്റെ വാഹന താല്പര്യത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ.
തന്റെ ആദ്യ കാറിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ സച്ചിന് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. തന്റെ ആദ്യ വാഹനം കണ്ടെത്താന്‍ സഹായിക്കാമോ എന്നായിരുന്നു സച്ചിന് ചോദിച്ചത്. ‘എന്റെ ആദ്യ കാര്‍ ഒരു മാരുതി 800 ആയിരുന്നു. പക്ഷേ ഇന്ന് അത് എന്റെ കൈയിലില്ല. ആ കാര്‍ ഇപ്പോള്‍ തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ആ കാറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ എന്നെ അറിയിക്കുക.’ എന്നും സച്ചിന് പറഞ്ഞു.
കാറുകളോടുള്ള തന്റെ താല്പര്യങ്ങളെക്കുറിച്ചും സച്ചിന് വാചാലനായി. കുട്ടിക്കാലത്ത് വീടിന്റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് തെരുവിലെ വിദേശ കാറുകളെ മണിക്കൂറുകളോളം വീക്ഷിക്കാറുണ്ടായിരുന്നു എന്നും സച്ചിന് ഓര്‍ത്തെടുത്തു. നിലവില്‍ ബിഎംഡബ്ല്യുവിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് സച്ചിന്. കാറുകളുടെ നിരവധി ശേഖരവുമുണ്ട് അദ്ദേഹത്തിന്.
Story highlights: Sachin Tendulkar misses his first car a Maruti 800 asks fans to find out