ഓൺലൈൻ ക്ലാസ്സും റഫ്രിജറേറ്ററും; ഇതാണ് സ്മാർട്ട് ക്ലാസ്, ടീച്ചറെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ
ബ്ലാക്ക് ബോർഡും ചോക്കുകളും ഇല്ല…ക്ലാസ് മുറികളും സുഹൃത്തുക്കളുമില്ല…എന്നാലും പഠിക്കാതിരിക്കാനും പഠിപ്പിക്കാതിരിക്കാനും കഴിയില്ല. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങിയതോടെ കുട്ടികളും അധ്യാപകരും ഇപ്പോൾ വളരെ അധികം സ്മാർട്ടായി. അടുത്തിടെ ഡ്രസ് ഹാംഗറും രണ്ട് കഷ്ണം കയറും ഉപയോഗിച്ച് ട്രൈപോഡ് നിർമ്മിച്ച ടീച്ചറുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. അതിന് പിന്നാലെ ഓൺലൈൻ ക്ലാസിനായി റഫ്രിജറേറ്ററിന്റെ ട്രേ ഉപയോഗിച്ച് ഒരു സ്മാർട്ട് ക്ലാസ് ഒരുക്കിയ ടീച്ചറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
രണ്ട് ബോസ്ക്സുകൾക്ക് മുകളിൽ ട്രേ വെച്ച ടീച്ചർ അതിന് മുകളിലായി ക്യാമറ ഓൺ ചെയ്ത് സ്മാർട്ട് ഫോൺ വച്ചു. ട്രേയ്ക്ക് താഴെയായി പേപ്പർ വച്ച് അതിൽ കണക്ക് ചെയ്തു. ട്രേ സുതാര്യമായതിനാൽ തൊട്ടുതാഴെ വെച്ചിരിക്കുന്നവെള്ള പേപ്പറിൽ ടീച്ചർ ചെയ്യുന്ന കണക്ക് കുട്ടികൾക്ക് കൃത്യമായി കാണാം. ഇത്തരത്തിൽ റഫ്രിജറേറ്റർ ഉപയോഗിച്ച് ക്ലാസ് എടുക്കുന്ന ടീച്ചറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഹിറ്റായതോടെ നിരവധിപ്പേരാണ് ടീച്ചർക്ക് അഭിനന്ദനവുമായി എത്തുന്നത്.
അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കാനിടയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യസ സ്ഥാപനങ്ങൾ വരുന്ന സെപ്തംബർ മാസത്തിൽ തുറക്കാൻ കഴിഞ്ഞേക്കുമെന്ന് നേരത്തെ വിദ്യാഭ്യസ മന്ത്രാലയം അറിയിച്ചിരുന്നു. ഘട്ടംഘട്ടമായി തുറക്കാനായിരുന്നു ആലോചന. എന്നാൽ സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കില്ല. അതേസമയം ഡിസംബറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കണമോ എന്നതിൽ തീരുമാനം പിന്നീട് ഉണ്ടായേക്കും. അധ്യായന വർഷം ഉപേക്ഷിക്കാതെ പരീക്ഷ അടക്കം പൂർത്തിയാക്കാനാണ് നിലവിലെ തീരുമാനം.
Story Highlights:Teacher Online Class goes Viral