തായ്ലൻഡ് സ്കൂളുകളിലെ കൊവിഡ് കാല പഠനം ശ്രദ്ധേയമാകുന്നു- സാമൂഹിക അകലം പാലിക്കുന്നതിനായി പ്രത്യേക സജ്ജീകരണങ്ങൾ
കൊവിഡ് പ്രതിസന്ധിയിൽ നിന്നും എന്നാണ് മോചനം എന്ന് വ്യക്തതയില്ലാത്ത ദിവസങ്ങളിലൂടെയാണ് ലോകം കടന്നു പോകുന്നത്.നിയന്ത്രണ വിധേയമെങ്കിലും പല രാജ്യങ്ങളിലും പൊതുവിദ്യാലയങ്ങളും ജോലി സ്ഥലങ്ങളുമെല്ലാം പ്രവർത്തന സജ്ജമാക്കിയിരിക്കുകയാണ്. തായ്ലൻഡ് സ്കൂളുകളിൽ ഒരുക്കിയിരിക്കുന്ന സജ്ജീകരണങ്ങളാണ് ലോകശ്രദ്ധ നേടുന്നത്.
സിംഗിൾ സീറ്റ് ഡെസ്കുകളിൽ പ്ലാസ്റ്റിക് അറകൾ നിർമിച്ചിരിക്കുന്നു. ഇതിനുള്ളിലാണ് ഓരോ വിദ്യാർത്ഥിയും ഇരിക്കേണ്ടത്. സാമൂഹിക അകലം പാലിക്കാൻ വളരെയധികം സഹായിക്കുന്ന തരത്തിലാണ് ഈ സജ്ജീകരണം ഒരുക്കിയിരിക്കുന്നത്. ചെറിയ കുട്ടികൾക്ക് കളിക്കാനായും ഇങ്ങനെയുള്ള പ്ലാസ്റ്റിക് കാബിനുകൾ നിർമിച്ചിട്ടുണ്ട്. എന്നാൽ ചെറിയ കുട്ടികൾക്ക് ഒരുഭാഗം മാത്രം തുറന്ന തരത്തിലുള്ള പ്ലാസ്റ്റിക് ക്യാബിനുകൾ എത്രത്തോളം ഗുണകരമാണെന്ന് പറയാൻ സാധിക്കില്ല.
കുട്ടികൾ ഇരിക്കുന്ന സീറ്റ്, ടേബിൾ, ക്ലാസ്സ്മുറി, ശുചിമുറി, സ്കൂൾ പരിസരങ്ങൾ എല്ലാം ഇടവേളകളിൽ കൃത്യമായി തന്നെ അണുവിമുക്തമാക്കുന്നുമുണ്ട്. അതിനോടൊപ്പം തന്നെ ചെറിയ കുട്ടികളും മുതിർന്ന കുട്ടികളെയും അധ്യാപകർ ക്ലാസിൽ എത്തിയാലുടൻ സാനിറ്റൈസർ ഉപയോഗിക്കുകയും ഉച്ച ഭക്ഷണത്തിന് മുൻപായി സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുകയും ചെയ്യുന്നു.
കുട്ടികൾ ക്ലാസിൽ കയറുംമുൻപ് താപനില പരിശോധിക്കുന്നുമുണ്ട് സ്കൂളുകളിൽ. ചെറിയ ക്ലാസ്സുകളിലെ കുട്ടികൾക്ക് പ്രത്യേകം അകലം അടയാളപ്പെടുത്തിയ കളങ്ങൾ വരച്ച് അതിനുള്ളിൽ നിന്നാണ് പാഠ്യപ്രവർത്തനങ്ങൾ ചെയ്യുന്നത്. വളരെ കരുതലോടെയാണ് തായ്ലൻഡ് കൊവിഡ് കാലത്ത് സ്കൂളുകൾ നടത്തുന്നത്.
Story highlights-Thailand schools reopens with strict hygiene rules