‘സൗഹൃദങ്ങള്‍ ആത്മീയമായ ചിട്ടയോടെ സൂക്ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന മമ്മൂക്ക’; ശ്രദ്ധ നേടി ടി എന്‍ പ്രതാപന്‍ പങ്കുവെച്ച കുറിപ്പ്
വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്രതാരങ്ങളുടെ സ്വകാര്യ ഇടപെടലുകളും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്. ഇപ്പോഴിതാ ടി എന്‍ പ്രതാപന്‍ മമ്മൂട്ടിയെക്കുറിച്ച് പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. ഓര്‍മ്മകളുടെ സ്‌നേഹതീരം എന്ന ടി എന്‍ പ്രതാപന്റെ പുസ്തകം പ്രകാശനം ചെയ്തത് മമ്മൂട്ടിയാണ്. പ്രകാശനവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം മമ്മൂട്ടിയെക്കുറിച്ച് മനോഹരമായ കുറിപ്പ് പങ്കുവെച്ചതും. സൗഹൃദങ്ങള്‍ ആത്മീയമായ ചിട്ടയോടെ സൂക്ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന മമ്മൂട്ടി കുറച്ചധികം സമയം തന്നോടൊപ്പം ചിലവഴിച്ചു എന്നും ടി എന്‍ പ്രതാപന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
എന്റെ ആദ്യത്തെ പുസ്തകം ‘ഓര്‍മ്മകളുടെ സ്‌നേഹതീരം’ എനിക്കേറ്റവും പ്രിയപ്പെട്ട പത്മശ്രീ മമ്മൂട്ടി ഇന്നലെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് പ്രകാശനം ചെയ്തു. കോവിഡ് ലോക് ഡൗണിന് ശേഷം പൊതുപരിപാടികളിലൊന്നിലും പങ്കെടുക്കാതെയും, സന്ദര്‍ശകരെ നിയന്ത്രിച്ചതും അതീവ സൂക്ഷമതയോടെ കഴിയുന്ന മലയാളിയുടെ എക്കാലത്തെയും ആവേശമായ മമ്മൂക്ക എന്റെ ഈ പുസ്തകം പ്രകാശനം ചെയ്തുതരാമെന്ന് പറഞ്ഞതിലും വലിയ ഭാഗ്യമെന്താണെന്ന് ആലോചിക്കുകയായിരുന്നു ഞാന്‍.
സൗഹൃദങ്ങള്‍ ആത്മീയമായ ചിട്ടയോടെ സൂക്ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന മമ്മൂക്ക കുറെ സമയം എന്നോടും എന്റെ മകനോടുമൊപ്പം പങ്കുവെക്കുകയും ഉയര്‍ന്ന ചിന്തകളും വേറിട്ട പ്രവര്‍ത്തനങ്ങളും വായനയും എഴുത്തുമെല്ലാം പൊതുപ്രവര്‍ത്തനത്തിന്റെ കൂടെ ചേര്‍ത്തുനിര്‍ത്താന്‍ ശ്രമിക്കണമെന്ന് ആശംസിക്കുകയും ചെയ്തു.
Read more: നിറപുഞ്ചിരിയുമായി മിയ ചേര്‍ത്തുനിര്‍ത്തി അശ്വിനും: മനസമ്മത വീഡിയോ ശ്രദ്ധേയമാകുന്നു
നന്മയുടെയും പ്രതീക്ഷയുടെയും നല്ല വാക്കുകള്‍കൊണ്ടും, എന്തിന്, ഒരു നേര്‍ത്ത പുഞ്ചിരികൊണ്ടുതന്നെ മറ്റുള്ളവരുടെ മനസ്സില്‍ സുകൃതത്തിന്റേതായ ഒരു വലിയ തിരയിളക്കം തന്നെ സൃഷ്ടിക്കാന്‍ കഴിവുളള ആളാണ് മമ്മൂക്ക. സന്തോഷകരമായ ഞങ്ങളുടെ സംഭാഷണത്തില്‍ മുഴുവന്‍ അത്തരത്തിലുള്ള ഒരു അനുഭൂതി പ്രകടമായിരുന്നു. രാഷ്ട്രീയമടക്കം നമ്മുടെ ചുറ്റുപാടിലുമുള്ള അനവധി കാര്യങ്ങളെ പറ്റി മമ്മൂക്ക സംസാരിച്ചു.
മമ്മൂക്കയുടെ ജന്മദിനം അടുത്തുവരികയാണ്. ഇനിയുമേറെക്കാലം മലയാളിയുടെ സിനിമാ സാമൂഹിക ഭാവുകത്വത്തില്‍ ഇത്രയും നാളിലേതുപോലെ തന്നെ അനുപമമായ സന്തോഷ സാന്നിധ്യമാകാന്‍ മമ്മൂക്കക്ക് കഴിയട്ടെ എന്ന് സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കുകയാണ്.
എന്റെ ഈ പുസ്തകം ഇനി വായനക്കാരിലേക്ക് ഹൃദയം ചേര്‍ത്ത് സമര്‍പ്പിക്കുകയാണ്. വായിക്കണം, അഭിപ്രായങ്ങള്‍ പങ്കുവെക്കണം. മികച്ച വായനാനുഭവങ്ങളും നിരൂപണങ്ങളും പുസ്തകത്തിന്റെ പേജില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.
Story highlights: TN Prathapan About Megastar Mammootty